കോട്ടയം: ശബരി എയര്‍പോര്‍ട്ട് നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി സ്വകാര്യവ്യക്തികളുടെ വക സ്ഥലങ്ങളുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. മാന്വല്‍ റെക്കോര്‍ഡ് തയാറാക്കി റവന്യു വകുപ്പിന് സമര്‍പ്പിക്കുന്നതോടെ നടപടികള്‍ അവസാനിക്കും.
എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് പൂര്‍ണമായി സര്‍വേ നടത്താന്‍ എസ്റ്റേറ്റ് മാനേജ്മെന്റിന് റവന്യു വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കോടതി വ്യവഹാരങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ അളവ് നടത്തിയിരുന്നില്ല. എന്നാല്‍ എസ്റ്റേറ്റിന്റെ അതിരുകള്‍ വ്യക്തമായതിനാല്‍ തോട്ടത്തില്‍ ഏരിയല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകളുടെ താമസമേ വേണ്ടിവരു എന്ന് റവന്യു അധികൃതര്‍ വ്യക്തമാക്കി.
എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ 2570 ഏക്കറാണ് വിമാനത്താവളത്തിനും അനുബന്ധ വികസനത്തിനുമായി ഏറ്റെടുക്കുക. എരുമേലി സൗത്ത്, മണിമല വില്ലജുകളിലായി 245 പേരുടെ ഭൂമിയാണ് വേണ്ടിവരിക.
സ്വകാര്യ വ്യക്തികളുടെ സ്ഥലം സര്‍വേ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ നഷ്ടപരിഹാരമായി പൊന്നുംവില നല്‍കാനുള്ള നടപടികള്‍ ആരംഭിക്കും. കെട്ടിടങ്ങള്‍ പൊതുമരാമത്ത് വകുപ്പും മരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും സ്ഥലം റവന്യൂ വകുപ്പും നേരില്‍ കണ്ടാണ് നഷ്ടപരിഹാരം നിശ്ചയിക്കുക. ചെറുവള്ളി എസ്റ്റേറ്റ് തൊഴിലാളികള്‍ ഉള്‍പ്പെടെ വീടും കിടപ്പാടവും നഷ്ടപ്പെടുന്നവരുടെ പുനരധിവാസവും നടപ്പിലാക്കേണ്ടതുണ്ട്.


 
  
 