തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭ ഇന്നും സ്തംഭിപ്പിച്ച് പ്രതിപക്ഷം. ദേവസ്വം മന്ത്രി രാജിവയ്ക്കുക, സിബിഐ അന്വേഷണം നടത്തുക, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം ഇന്നും നിയമസഭയില്‍ പ്രതിഷേധിച്ചത്.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നും പ്രതിഷേധത്തെ തുടര്‍ന്നും ചോദ്യോത്തരവേള ഏറെ നേരം നിര്‍ത്തി വച്ചു. ബാനറുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല.
അതേ സമയം ഹൈക്കോടതി നിര്‍ദേശാനുസരണമാണ് നടപടികള്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നതെന്നും കോടതിയുടെ തീരുമാനം അംഗീകരിക്കാന്‍ പ്രതിപക്ഷം തയാറാകുന്നില്ലെന്ന് മന്ത്രി പി. രാജീവ് സഭയില്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഭയില്‍ പറഞ്ഞു. കോടതിയെ പോലും അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ശബരിമലയില്‍ സ്വര്‍ണപാളി വിഷയത്തില്‍ നടന്നതെന്ന് വി.ഡി. സതീശന് ആരോപിച്ചു.