മാനത്ത് നിരീക്ഷണ പറക്കല്‍: താഴെ ആകാംഷയുടെ സര്‍വെ;സോഷ്യല്‍ മീഡിയയില്‍ സന്നിധാനത്തിന്റെ ആകാശക്കാഴ്ച; വ്യോമസേനയുടെ സുരക്ഷാ പറക്കല്‍ കണ്ട് തെറ്റിദ്ധരി്ച്ച് നാട്ടുകാരും

Sabarimalaഎരുമേലി: ശബരിമലയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നലെ എരുമേലിയില്‍ ഹെലികോപ്റ്റര്‍ വട്ടമിട്ട് പറന്ന് നിരീക്ഷിച്ചപ്പോള്‍ നാടിന്റെ ഊഹാപോഹങ്ങള്‍ ഹെലിപാഡിലും വിമാനത്താവളത്തിലുമെത്തി. ചെറുവള്ളി എസ്‌റ്റേറ്റില്‍ വരാന്‍ പോകുന്ന വിമാനത്താവളത്തിനായി ഹെലികോപ്റ്ററില്‍ സര്‍വെ നടത്തുകയാണെന്ന് സുരക്ഷാപറക്കല്‍ കണ്ട് തെറ്റിദ്ധരിച്ച് പ്രചരിച്ചവര്‍ ഏറെ. എരുമേലിയില്‍ ഉടനെ നിര്‍മിക്കുന്ന ഹെലിപാഡിന്റെ സിഗ്‌നല്‍ പറക്കലാണെന്ന് പ്രചരിപ്പിച്ചവരും ധാരാളം. ഫേസ്ബുക്കിലും വാട്‌സ്ആപ്പിലുമായി പ്രചരണം മുറുകുമ്പോഴും ആകാശത്ത് പറന്ന് ചുറ്റിയടിച്ചുകൊണ്ടിരിക്കുകയായിരുന്നു സുരക്ഷാ നിരീക്ഷണം.

ഇന്നലെ വ്യോമസേനയുടെ ഹെലികോപ്റ്ററാണ് എരുമേലിയില്‍ നിരീക്ഷണം നടത്തിയത്. പകല്‍ രാവിലെ മുതല്‍ സന്ധ്യവരെയും നീണ്ടു നിരീക്ഷണം. ശബരിമല സന്നിധാനത്തിനും പമ്പക്കും ഒപ്പം എരുമേലിയെക്കൂടി സുരക്ഷാവലയത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു ഈ നിരീക്ഷണം. സുരക്ഷാ കാരണങ്ങളാല്‍ സന്നിധാനത്തിന്റെ ആകാശ കാഴ്ച ചിത്രീകരിക്കാന്‍ അനുമതിയില്ലെന്നിരിക്കെ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ സന്നിധാനത്തിന്റെ ആകാശദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് സുരക്ഷാവീഴ്ചയായി മാറിയതിനെത്തുടര്‍ന്നാണ് വ്യോമ നിരീക്ഷണത്തിന് നിര്‍ദേശം നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു.

നിലവില്‍ സന്നിധാനത്തും പമ്പയിലും ദ്രുതകര്‍മസേനയുടെ പ്രത്യേക നിരീക്ഷണമുണ്ട്. എരുമേലിയില്‍ മെറ്റല്‍ ഡിറ്റക്ടര്‍ വഴിയാണ് ക്ഷേത്രങ്ങളിലും പള്ളിയിലും പ്രവേശനം. കൂടാതെ ബോംബ് സ്ക്വാഡിന്റെയും കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും പരിശോധനകളുമുണ്ട്.

Related posts