തിരുവനന്തപുരം: സ്ത്രീകളെ ശബരിമലയിൽ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല സ്ത്രീപ്രവേശനത്തിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടെയാണ് നിലപാട് മയപ്പെടുത്തി കോടിയേരി പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ ലേഖനമെഴുതുന്നത്.
ശബരിമലയിൽ പ്രാർഥിക്കാൻ ഭക്തരായ സത്രീകൾക്ക് പ്രായഭേദമെന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീൾക്ക് ഉപയോഗിക്കാം. താത്പര്യമില്ലാത്തവർ അങ്ങോട്ടേക്കു പോകണ്ട.
അയ്യപ്പഭക്തൻമാരായ പുരുഷൻമാരുടെ കാര്യത്തിലും സിപിഎം ഇടപെടില്ല. ഇഷ്ടമുള്ളവർക്ക് പോകാം, അല്ലാത്തവർ പോകണ്ട എന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം വിസ്മരിച്ച് വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമർത്താൻ സിപിഎം ഇടപെടുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.
സുപ്രീംകോടതി വിധിയെ സോണിയ ഗാന്ധി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എഐസിസി നേതൃത്വം ആകട്ടെ ഈ വിധിയെ സ്വാഗതം ചെയ്തു. എന്നിട്ടാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇപ്പോൾ നിറംമാറിയിരിക്കുന്നത്.
വിധിയെ ആർഎസ്എസ് ദേശീയനേതൃത്വം അനുകൂലിക്കുകയും ചെയ്തു. വിധി മനോഹരം എന്നാണ് കേന്ദ്രമന്ത്രി മേനക ഗാന്ധി അഭിപ്രായപ്പെട്ടതെന്നും പാർട്ടി സെക്രട്ടറി പറയുന്നു.