ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാൽക്കൻ ലാബ്സ് എന്ന ഐടി കന്പനി ഓൺ ലൈനിൽ നൽകിയ തൊഴിൽപരസ്യം വലിയ ചർച്ചയായി. ഇന്റൺഷിപ്പിന് കന്പനി വാഗ്ദാനം ചെയ്ത ശന്പളമാണു ചർച്ചയ്ക്കിടയാക്കിയത്. വെറും “10 രൂപ’ മാത്രമായിരുന്നു കന്പനിയുടെ പ്രതിമാസ ശന്പള വാഗ്ദാനം.
തൊഴിലവസരങ്ങൾ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ പോർട്ടലായ നോക്കറിയിലാണു പരസ്യം പ്രത്യക്ഷപ്പെട്ടത്. ഒഴിവ് ഒന്നു മാത്രം. എന്നിട്ടും കന്പനിക്കു ലഭിച്ചതോ, 1,901 അപേക്ഷകൾ. പരസ്യം വൈറലായതിനെത്തുടർന്ന് കന്പനിക്കെതിരേ വ്യാപക പ്രതിഷേധവും ഉയർന്നു. അരച്ചായ പോലും കിട്ടില്ലല്ലോ, ഉദ്യോഗാർഥികളുടെ ദുർവിധി എന്നൊക്കെയായിരുന്നു പ്രതികരണങ്ങൾ.
ഇത്രയും പണം ശന്പളമായി തന്നാൽ ഒരു മാസംകൊണ്ട് എങ്ങനെ ചെലവാക്കി തീർക്കും സാറേ… എന്നിങ്ങനെയുള്ള പരിഹാസ്യകരമായ കമന്റുകളും ധാരാളം. വൈറലായ പരസ്യത്തിന് ഒരു ട്വിസ്റ്റുമുണ്ട്. പരസ്യത്തിൽ തെറ്റുണ്ടെന്ന വിശദീകരണവുമായി കന്പനി അധികൃതർ പിന്നീട് രംഗത്തെത്തി. 10,000 രൂപ എന്നത് പത്ത് എന്ന് തെറ്റായി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നാണു കന്പനി പറയുന്നത്.
അതേസമയം, സ്വകാര്യമേഖലയിൽ നടക്കുന്ന തൊഴിൽചൂഷണവുമായി ബന്ധപ്പെട്ട് നിരവധിപ്പേർ തങ്ങളുടെ അനുഭവം പങ്കുവച്ചു. ജോലിഭാരത്തിനും ജീവിതച്ചെലവുകൾക്കുമനുസരിച്ചല്ല സ്വകാര്യമേഖല ശന്പളം നൽകുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടി.