സല്യൂട്ട് സന്ധ്യ! പ്രധാനമന്ത്രി സല്യൂട്ട് പറഞ്ഞ സ്രാങ്ക്; പുരുഷൻമാർ കൈപ്പിടിയിൽ ഒതുക്കിയ ബോട്ടിന്‍റെ വളയം ഈ പെണ്‍ കരങ്ങളിൽ സുരക്ഷിതം

“സ്ത്രീ ശക്തിക്കു സല്യൂട്ട്. ജലം, ഭൂമി, ആകാശം എന്നിവിടങ്ങളിൽ സ്ത്രീകൾ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഈ പുതിയ നേട്ടങ്ങൾ വികസിത ഇന്ത്യയുടെ നിർമാണത്തിൽ നാഴികക്കല്ലുകളായി മാറും…’

പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ ആലപ്പുഴ പെരുന്പളം സ്വദേശിനി എസ്. സന്ധ്യ തന്‍റെ ജീവിതത്തിലെ വലിയ അംഗീകാരമായാണ് കരുതുന്നത്.

സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയെന്ന ബഹുമതി നേടിയ സന്ധ്യയുടെ വീഡിയോ കേന്ദ്ര ഷിപ്പിംഗ്, തുറമുഖ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവച്ചാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ജീവിക്കാനായൊരു തൊഴിൽ

വൈക്കം മറവൻതുരുത്ത് തുരുത്തുമ്മേൽ തെക്കേപ്പറന്പിൽ വീട്ടിൽ പരേതനായ സോമന്‍റെയും സുലഭയുടെയും മൂന്നു മക്കളിൽ മൂത്തവളായ സന്ധ്യയ്ക്ക് ചെറുപ്പം മുതൽ നീന്തൽ ഇഷ്ടമായിരുന്നു. മൂവാറ്റുപുഴ ആറിന്‍റെ പ്രധാന കൈവഴിയായ പുല്ലാന്തിയാറിന്‍റെ തീരത്തായിരുന്നു സന്ധ്യയുടെ വീട്.

പുല്ലാന്തിയാറിൽ വെള്ളത്തിനടിയിൽ നീന്തിയും മറ്റുമായിരുന്നു കുട്ടിക്കാലം. അതുകൊണ്ടുതന്നെ വെള്ളത്തോട് പേടിയില്ലാതെയായിരുന്നു വളർന്നത്.

ആലപ്പുഴ പെരുന്പളം തുരുത്തേൽ വീട്ടിൽ മണിയുടെ ജീവിതസഖിയായി എത്തുന്പോൾ അവിടെയൊരു പുരവഞ്ചിയുണ്ടായിരുന്നു.

വിനോദസഞ്ചാരികൾക്കായി ഈ വഞ്ചി ഉപയോഗിക്കാനായി ടൂറിസം ഡിപ്പാർട്ട്മെന്‍റിനെ സമീപിച്ചപ്പോൾ ലൈസൻസ് എടുക്കണമെന്നാണ് അറിയിച്ചത്.

ജീവിക്കാനായി ഒരു തൊഴിൽ വേണമെന്നതിനാൽ താൻ ലൈസൻസ് എടുക്കാമെന്നു പറഞ്ഞ് സന്ധ്യ തന്നെ മുന്നോട്ടുവരുകയായിരുന്നു.

ലാസ്കർ ലൈസൻസ് കിട്ടിയതോടെ 2011 മുതൽ സന്ധ്യ വഞ്ചിയും ബോട്ടുമൊക്കെ ഓടിച്ചുതുടങ്ങി. സ്ത്രീകളാരും കടന്നുവരാത്ത മേഖലയായതിനാൽ പരിഹാസം നേരിടേണ്ടിവരുമെന്ന ഭയം സന്ധ്യയ്ക്ക് ഉണ്ടായിരുന്നു.

എന്നാൽ എല്ലാവരിൽ നിന്നും മികച്ച പ്രോത്സാഹനമാണ് ലഭിച്ചതെന്നു സന്ധ്യ പറഞ്ഞു. തുടർന്ന് എറണാകുളം തേവര, നെട്ടൂർ, ആലപ്പുഴ തൈക്കാട്ടുശേരി ഭാഗങ്ങളിൽ യാത്രാ ബോട്ടുകളും ഹൗസ് ബോട്ടുകളും സന്ധ്യയുടെ കൈകളിൽ ഭദ്രമായി ഓടി.

സ്രാങ്ക് ലൈസൻസിനായി

സ്റ്റിയറിംഗ് തിരിക്കൽ, ബോട്ട് ഓടിക്കൽ ഉൾപ്പടെ മുഴുവൻ നിയന്ത്രണത്തിനും ചുമതലപ്പെട്ടയാളാണ് സ്രാങ്ക്.

കേരള ഇൻലാൻഡ് വെസൽ (കെഐവി) റൂൾ 2010 പ്രകാരം നടന്ന സ്രാങ്ക് പരീക്ഷയാണ് സന്ധ്യ നേടിയത്. ഇതോടെ ബോട്ടുകൾ, ബാർജുകൾ ഉൾപ്പെടെയുള്ള മറ്റു ജലവാഹനങ്ങൾ സന്ധ്യക്ക് ഓടിക്കാം.

ബോട്ടിലെ പരിശീലനത്തിനുശേഷം നടന്ന എഴുത്തു പരീക്ഷയിലും ജയിച്ചതോടെയാണ് സ്രാങ്ക് ലൈസൻസ് സ്വന്തമായത്.

ലാസ്കർ ലൈസൻസ് നേടി കുറഞ്ഞതു രണ്ടുവർഷം ജോലി ചെയ്താലേ സ്രാങ്ക് ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ.

ബാർജ്, മീൻപിടിത്ത ബോട്ട് എന്നിവയിൽ ജോലി ചെയ്യുന്നതിന് കെഐവി സ്രാങ്ക് ലൈസൻസ് ഉള്ളവർക്കേ സാധിക്കൂ. ആലപ്പുഴ പോർട്ട് ഓഫീസിൽ നിന്നാണു സന്ധ്യയ്ക്കു സർട്ടിഫിക്കറ്റ് ലഭിച്ചത്.

226 എച്ച് പി വരെയുളള ജലയാനങ്ങൾ ഇനി സന്ധ്യയ്ക്ക് കൈകാര്യം ചെയ്യാം. 44ാം വയസിൽ സ്രാങ്ക് ലൈസൻസ് കരസ്ഥമാക്കിയതോടെ സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയെന്ന ബഹുമതിയും സന്ധ്യയെ തേടിയെത്തി.

ഈ മേഖലയിൽ എത്താനായതിൽ സന്തോഷം

പുരുഷൻമാർ മാത്രം കൈപ്പിടിയിൽ ഒതുക്കിയിരുന്ന ബോട്ടിന്‍റെ വളയമാണ് ഈ പെണ്‍ കരങ്ങളിൽ സുരക്ഷിതമായിരിക്കുന്നത്.

പുരുഷൻമാർ മാത്രം കൈകാര്യം ചെയ്തിരുന്ന ഈ മേഖലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സന്ധ്യ പറഞ്ഞു. തന്നെ ജോലിക്കായി ആരു വിളിച്ചാലും തന്‍റെ സേവനം ഉറപ്പാക്കുമെന്ന് ഇവർ പറഞ്ഞു.

സ്രാങ്ക് ജോലിക്കായി സർക്കാർ കനിയണം

സ്രാങ്ക് ലൈസൻസ് കൈയിൽ കിട്ടിയെങ്കിലും സർക്കാരിന്‍റെ കനിവിനായി കാത്തിരിക്കുകയാണ് സന്ധ്യ. ദിവസവേതനത്തിൽ ജല ഗതാഗത വകുപ്പിന്‍റെ വൈക്കം, പാണാവള്ളി യൂണിറ്റുകളിൽ ജോലി തേടി സന്ധ്യ ചെന്നിരുന്നെങ്കിലും വനിത ആയതിനാൽ നിലവിൽ ജോലിക്ക് സാധ്യത കുറവാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

മേലധികാരികൾ പറഞ്ഞാൽ ജോലി നൽകുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നു സന്ധ്യ പറഞ്ഞു. കോട്ടയത്ത് ആംബുലൻസ് ഡ്രൈവറായി പ്രവർത്തിച്ചിരുന്ന സ്ത്രീക്ക് പ്രത്യേക അനുമതി നൽകി സർക്കാർ ജോലി നൽകുകയുണ്ടായി. തനിക്കും അത്തരത്തിലുള്ള ഒരു അനുമതി സർക്കാരിന്‍റെ ഭാഗത്തുനിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നു സന്ധ്യ പറഞ്ഞു.
കുടുംബം

ഭർത്താവ് മണി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ കയറ്റിറക്കു തൊഴിലാളിയാണ്. സ്കൂൾ വിദ്യാർഥികളായ ഹരിലക്ഷ്മിയും ഹരികൃഷ്ണയുമാണ് മക്കൾ.

സീമ മോഹൻലാൽ

Related posts

Leave a Comment