കൊച്ചി: സംസ്ഥാനത്തെ നിലവിലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പ്രതിദിനം പുറന്തള്ളുന്നത് ഏകദേശം 120 ടണ്‍ സാനിറ്ററി മാലിന്യം.കുട്ടികളുടെയും, കിടപ്പിലായ രോഗികളുടെയും ഉപയോഗിച്ച സാനിറ്ററി പാഡുകളും ഡയപ്പറുകളും സംസ്കരിക്കാന്‍ പ്രത്യേകിച്ച് നഗരങ്ങളിലെ താമസക്കാര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്.
സാനിറ്ററി മാലിന്യം സംസ്കരിക്കുന്നതിനായി നിലവില്‍ പാലക്കാട് നഗരസഭ, തൃശൂര്‍ കോര്പറേഷന്, വര്‍ക്കല നഗരസഭ, തൃശൂര്‍ ജില്ലയിലെ എളവള്ളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിനായി എറണാകുളം ബ്രഹ്മപുരത്ത് മൂന്ന് റ്റി പിഡി ശേഷിയുള്ള സാനിറ്ററി വേസ്റ്റ് ട്രീറ്റ്മെന്റ്റ് പ്ലാന്റ്റിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി.
ക്ലീന്‍ കേരള കമ്പനി മുഖേന 20 ടണ്‍ ശേഷിയുള്ള നാല് റീജിയണല്‍ പ്ലാന്റുകള്‍ കൊല്ലം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതിദിനം 100 ടണ്‍ സാനിറ്ററി മാലിന്യം ഇവിടെ സംസ്ക്കരിക്കാനാണ് ലക്ഷ്യമിടുന്നത്.
സാനിറ്ററി മാലിന്യ സംസ്കരണ മേഖലയില്‍ എച്ച് എല്‍ എല്‍ ലൈഫ് കെയര്‍, ഫ്ലോറേറ്റ് ടെക്നോളജീസ്, 4 ആര് ടെക്നോളജീസ് എന്നീ ഏജന്‍സികള്‍ക്ക് ശുചിത്വ മിഷന് എംപാനല്‍മെന്റ് നല്‍കിയിട്ടുമുണ്ട്. ആക്രി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ കോര്‍പറേഷനുകള്‍, 17 നഗരസഭകള്‍, 20ല്‍ അധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സാനിറ്ററി മാലിന്യം ശേഖരിച്ച് കേരള എന്‍വയോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ സംസ്കരിക്കുന്നുണ്ട്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ഉണ്ടാകുന്ന സാനിറ്ററി മാലിന്യത്തിന്റെ അളവനുസരിച്ച് സ്ഥാപിക്കേണ്ട ഇന്‍സിനറേറ്റര്‍ പ്ലാന്റുകളുടെ ശേഷി നിര്‍ണ്ണയിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. അതിനനുസരിച്ച്, സ്ഥല ലഭ്യതയുടെ അടിസ്ഥാനത്തില്‍ പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള തുടര്‍നടപടികളും പുരോഗമിക്കുകയാണ്.
- സീമ മോഹന്‍ലാല്‍