തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് സ്വകാര്യ മാനേജ്മെന്റ് സ്കൂളിനുനേരേ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. സ്കൂളിന്റെ ഒരു എ.സി ബസ് പൂർണമായി കത്തിച്ചു. എട്ടു ബസുകളുടെ ഗ്ലാസുകൾ അടിച്ച് തകർത്തു. കാഞ്ഞിരംകുളം മൗണ്ട് കാർമ്മൽ ഹയർസെക്കൻഡറി സ്കൂളിന് നേരെയാണ് ആക്രമണം നടന്നത്.
ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. ഇന്ന് രാവിലെയാണ് ആക്രമണ വിവരം മാനേജ്മെന്റ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിൽ സിസിടിവി സ്ഥാപിച്ചിട്ടുള്ളതിനാൽ അക്രമികളുടെ ദൃശ്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം.
മഴയുണ്ടായിരുന്നതിനാൽ ആക്രമണത്തിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ലെന്ന് സ്കൂളിലെ സുരക്ഷാ ജീവനക്കാരൻ പോലീസിനോടു പറഞ്ഞു. ഇയാൾ സ്കൂളിന്റെ മുൻഭാഗത്തായിരുന്നു. പിൻഭാഗത്തെ ഷെഡിലാണ് ബസുകൾ പാർക്ക് ചെയ്തിരുന്നത്.
സ്കൂളിൽ ഇന്നു നടത്താനിരുന്ന പരീക്ഷ മാറ്റിവയ്ക്കുകയും സ്കൂളിന് അവധി നൽകുകയും ചെയ്തു. വിരലടയാള വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.