കൊല്ലം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അടിയന്തര സുരക്ഷാ പരിശോധന നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സർക്കുലർ പുറത്തിറക്കി. സുരക്ഷാ പരിശോധനയ്ക്ക് ജില്ലാ തലത്തിൽ ഡിഡിഇ, ആർഡിഡി, എഡി, ഡയറ്റ് പ്രിൻസിപ്പൽ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിൽ ടീമുകളെ രൂപീകരിക്കും.
ഈ ടീമുകൾ മൂന്നാഴ്ചക്കകം എല്ലാ സ്കൂളുകളും സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണം. എസ്എസ്കെ ജില്ലാ ഓഫീസുകളിലെ എൻജിനിയർമാരുടെ സേവനവും പരിശോധനകൾക്ക് ലഭ്യമാക്കാം. റിപ്പോർട്ട് ക്രോഡീകരിക്കേണ്ട ചുമതല ഡയറ്റുകൾക്കാണ്. അടിയന്തരമായി പരിഹരിക്കേണ്ട സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് ഈ മാസം 31നു മുമ്പ് കത്ത് നൽകണം.
ഇക്കാര്യത്തിൽ സമഗ്രമായ റിപ്പോർട്ട് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഓരോ സ്കൂളിലും ഒരു നോഡൽ ഓഫീസറെ സുരക്ഷാ പരിശോധനകൾക്കായി നിയമിക്കണമെന്നും സർക്കുലറിൽ പറയുന്നു. പരിശോധിക്കേണ്ട പ്രധാന വിഷയങ്ങൾ സംബന്ധിച്ച് പുതുതായി തയാറാക്കിയ ചെക്ക് ലിസ്റ്റും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എസ്.ആർ. സുധീർ കുമാർ