പാലക്കാട്: നിലവിലെ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഷാഫി പറന്പിലിനെതിരേ പാലക്കാട്ട് മത്സരിക്കുമെന്നു മുൻ ഡിസിസി അധ്യക്ഷൻ എ.വി. ഗോപിനാഥ്. സിപിഎം ഗോപിനാഥിനെ പിന്തുണച്ചേക്കുമെന്നു സൂചനയുണ്ട്.
മത്സരരംഗത്തു ഷാഫി പറന്പിലിന്റെ പേര് ഉയർന്നു വന്നതിനു പിന്നാലെ പരസ്യ വിമർശനവുമായി ഗോപിനാഥ് മുന്നോട്ടുവരികയായിരുന്നു. ആലത്തൂർ എം
എൽഎ ആയിരുന്ന ഗോപിനാഥ് ഇപ്പോൾ പെരിങ്ങോട്ടുകുറിശി ഗ്രാമ പഞ്ചായത്ത് അംഗംകൂടിയാണ്. കഴിഞ്ഞദിവസം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.
അടിയുറച്ച കോണ്‍ഗ്രസുകാരനായിട്ടും എനിക്കു കോണ്‍ഗ്രസിനുള്ളിൽ അയോഗ്യതയാണ്. നിരന്തരമായ അവഗണനയാണ്.
എന്നെ ഒതുക്കാനാണു ശ്രമം.എനിക്കുള്ള അയോഗ്യത എന്താണെന്നു കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. ഒരു നേതാക്കളും എന്നെ വിളിച്ച് എന്താണു കാരണം എന്ന് അന്വേഷിക്കാറില്ല.
ഇതുവരെയും പാർട്ടിക്കാരനാണ്. എന്നാൽ പാർട്ടി എന്നെ ഉപേക്ഷിച്ചാൽ എനിക്കു സ്വന്തം വഴി സ്വീകരിക്കേണ്ടിവരും- ഗോപിനാഥ് പറഞ്ഞു.
മരിക്കുന്നതുവരെ കോണ്‍ഗ്രസിലുണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അതു നടക്കുമോ എന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. കോണ്‍ഗ്രസിന്റെ നേതാക്കന്മാർ കഴിഞ്ഞ പതിനഞ്ചു കൊല്ലമായി വിളിക്കുന്നില്ല.
മെന്പർഷിപ്പ് പുതുക്കാൻപോലും അവസരം തന്നിട്ടില്ല. തന്നെ ഉന്മൂലനം ചെയ്യാൻ ചിലർ ശ്രമിക്കുന്നതിന്റെ കാരണം അറിയണമെന്നും പാർട്ടി വിടുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്നും നേതാക്കളുടെ സമീപനം അനുസരിച്ച് തീരുമാനമെടുക്കുമെന്നും ഗോപിനാഥ് വ്യക്തമാക്കി.
പാർട്ടി നേതൃത്വവുമായി ഭിന്നതയിൽ കഴിയുകയായിരുന്നു മുൻ അധ്യക്ഷനായ എ.വി. ഗോപിനാഥ്. എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം ജില്ലയിലുണ്ട്. 2011ൽ എ.വി. ഗോപിനാഥിന്റെ സ്ഥാനാർഥിത്വം അട്ടിമറിച്ചാണ് ഷാഫി പറന്പിൽ പാലക്കാട്ട് മത്സരിച്ചത്.
ഗോപിനാഥിനായി പോസ്റ്ററുകൾവരെ അച്ചടിച്ച ശേഷമാണു സ്ഥാനാർഥിയെ മാറ്റിയത്. അന്നുമുതൽ പാർട്ടിക്കുള്ളിൽ ഗ്രൂപ്പുവഴക്ക് ശക്തമായിരുന്നു.
പാർട്ടി അവഗണിക്കുന്നതിനെതിരെ മത്സരരംഗത്തിറങ്ങണമെന്നു ഗോപിനാഥിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് അനുഭാവികൾതന്നെ ആവശ്യപ്പെട്ടിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാടുതന്നെ മത്സരിക്കാനാണ് ആഗ്രഹമെന്നും പാർട്ടി നേതൃത്വം തന്റെ താത്പര്യം കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാഫി പറന്പിൽ പറഞ്ഞു. അതിനിടെ, ഷാഫി പറന്പിലിനെ മലന്പുഴയിൽ മത്സരിപ്പിക്കാനും നേതൃത്വത്തിന് ആലോചനയുണ്ട്.