മോഹന്‍ലാല്‍ കാണാന്‍ ഫസ്റ്റ് ഷോയ്ക്ക് ഉണ്ടായിരുന്നത് 80 പേര്‍; ഷോ നടക്കുമ്പോള്‍ ഞങ്ങള്‍ സിസിടിവിയിലൂടെ കണ്ടത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍; അന്ന് നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് ശാരദ തീയറ്റര്‍ ഉടമ

മലപ്പുറം: എടപ്പാളിലെ ശാരദ തീയറ്ററിനുള്ളില്‍ ബാലിക പീഡിപ്പിക്കപ്പെട്ട സംഭവം കേരളമനസാക്ഷിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം പുറത്തറിയാന്‍ വൈകിയത് തീയറ്റര്‍ അധികൃതരുടെ പിടിപ്പുകേടാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളോട് പ്രതികരിച്ച് തീയറ്റര്‍ ഉടമ സതീഷ് രംഗത്തെത്തിയിരിക്കുകയാണ്. അന്നു നടന്ന സംഭവങ്ങളെക്കുറിച്ച് സതീഷ് പറയുന്നതിങ്ങനെ. ‘തിയേറ്ററില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ആശയകുഴപ്പമുണ്ടായിരുന്നു. ഒടുവില്‍ ഒരു സുഹൃത്ത് മുഖേനയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് അവര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയത്. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതിയുമായി വിലപേശാന്‍ ശ്രമിച്ചെന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നേതാവിന്റെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്’ സതീഷ് പറയുന്നു.

ഏപ്രില്‍ 18നാണ് സംഭവം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ അന്ന് രാത്രി തന്നെ അറിയിച്ചു. ‘മോഹന്‍ലാല്‍’ എന്ന സിനിമയാണ് അന്ന് പ്രദര്‍ശിപ്പിച്ചത്. ഫസ്റ്റ് ഷോയ്ക്ക് ഏകദേശം എണ്‍പതോളം പേരാണ് ഉണ്ടായിരുന്നത്. സിനിമ നടക്കുമ്പോള്‍ തിയേറ്ററിന് തൊട്ടടുത്തുള്ള ഹാളില്‍ മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് ആരാധകര്‍ സംഘടിപ്പിച്ച പരിപാടി നടക്കുകയായിരുന്നു. തിയേറ്റര്‍ ജീവനക്കാര്‍ അതില്‍ പങ്കെടുക്കുകയായിരുന്നു. ഭക്ഷണം കഴിച്ചു വന്നശേഷം തിയറ്ററിനുള്ളിലും പുറത്തുമുള്ള 18 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. അപ്പോഴേക്കും സിനിമ കഴിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇവര്‍ വന്ന കാര്‍ കണ്ടെത്തുകയും നമ്പര്‍ എഴുതിവെക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ഒരു കാരണവശാലും പുറത്തുപോകരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പിറ്റേദിവസം ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ ക്രൂരമായ പീഡനമാണ് നടന്നതെന്ന് ബോധ്യമായി. വാക്കുകള്‍കൊണ്ട് പറയാന്‍ സാധിക്കാത്ത കാര്യങ്ങളാണ് നടന്നത്. ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് തിയേറ്റര്‍ ജീവനക്കാരുമായി ചര്‍ച്ച ചെയ്തു. പല അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. പൊലീസില്‍ അറിയിക്കുന്നത് തിയേറ്ററിന് മോശപ്പേരുണ്ടാക്കുമെന്നും, ബിസിനസിനെ ബാധിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഗൗരവമേറിയ വിഷയമായതിനാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുന്നത് നല്ലതാണെന്ന് ചിലര്‍ പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുപോകാതെ തന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന് മനസിലായി.

അങ്ങനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയാവുന്ന ഒരു സുഹൃത്ത് മുഖേന അവരെ ബന്ധപ്പെട്ടു. അപ്പോള്‍ത്തന്നെ സമാനമായ മൂന്നു കേസുകളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ രണ്ടുദിവസം കഴിഞ്ഞുവരാമെന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെ ഏപ്രില്‍ 25ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകന്‍ ഷിഹാബും മാറഞ്ചേരി സ്‌കൂള്‍ കൗണ്‍സിലറും ഒഎസ്ഡബ്ല്യൂസി(ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ആന്‍ഡ് കൗണ്‍സിലര്‍) സെക്രട്ടറിയുമായ ധന്യ ആബിദും മറ്റൊരാളും തിയേറ്ററിലെത്തി. മറ്റ് ജീവനക്കാരെ തിയേറ്ററില്‍നിന്ന് മാറ്റിയശേഷം സിസിടിവി ദൃശ്യങ്ങള്‍ ഇവരെ കാണിച്ചു’.

‘ദൃശ്യങ്ങള്‍ കണ്ടശേഷം മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും തിയേറ്ററിന്റെ പേര് കേസുമായി ബന്ധപ്പെട്ട് വലിച്ചിഴയ്ക്കില്ലെന്നും അവര്‍ ഉറപ്പ് നല്‍കി. ഇതിന്‍പ്രകാരം ദൃശ്യങ്ങള്‍ അവര്‍ക്ക് കൈമാറുകയും ചെയ്തു. ഹാര്‍ഡ് ഡിസ്‌ക്കിലെ ദൃശ്യങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. ദൃശ്യത്തിന്റെ പകര്‍പ്പ് സൂക്ഷിച്ചിട്ടില്ലെന്നും അവരെ അറിയിച്ചു. അതിനുശേഷം ഒരാഴ്ചയായി ഒരു വിവരവും ഇല്ലായിരുന്നു. ഇതേത്തുടര്‍ന്ന് ഷിഹാബിനെ ബന്ധപ്പെട്ടപ്പോള്‍ പീഡനത്തിന് ഇരയായ ബാലികയെയും അമ്മയെയും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നായിരുന്നു മറുപടി. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും വിളിച്ചപ്പോള്‍ പൊലീസില്‍ കേസ് കൊടുത്തെന്നായിരുന്നു അവര്‍ പറഞ്ഞത്. ദൃശ്യങ്ങള്‍ ചാനലില്‍ വന്നപ്പോഴാണ് തങ്ങള്‍ അറിഞ്ഞത്. ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറില്ലെന്ന് അവര്‍ പറഞ്ഞിരുന്നു.

ഷിഹാബിനെ വിളിച്ച് എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ ‘അങ്ങനെ ചെയ്യേണ്ടി വന്നു ചേട്ടാ’ എന്നായിരുന്നു മറുപടി. ഈ സംഭവവുമായി ബന്ധപ്പെട്ട് നടന്നത് ഇതൊക്കെയാണ്. അല്ലാതെ തങ്ങള്‍ മനപൂര്‍വ്വം വൈകിപ്പിച്ചെന്നും വിലപേശിയെന്നുമൊക്കെയുള്ള ആരോപണം തെറ്റാണ്.സംഭവം പുറത്തുകൊണ്ടുവരുന്നതില്‍ ശ്രദ്ധേയമായ ഇടപെടലാണ് ഷിഹാബും ധന്യയും നടത്തിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ പറയാനില്ല. കേസില്‍ പ്രതി ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് ആഗ്രഹം’സതീഷ് പറയുന്നു.

Related posts