ന്യൂഡൽഹി: പാക്കിസ്ഥാനിലെ ലാഹോറിൽ സ്ഫോടന പരന്പര. വോൾട്ടൻ വിമാനത്താവളം, ഗോപാൽ നഗർ, നസീറാബാദ് എന്നിവിടങ്ങളിലാണു ഇന്നു രാവിലെ ഉഗ്രസ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെയും ആളുകൾ പരിഭ്രാന്തരായി ഓടുന്നതിന്റെയും ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ പുറത്തുവിട്ടു. വിവിധ സമൂഹമാധ്യമങ്ങളിലൂടെയും സ്ഫോടനദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്കു പിന്നാലെയാണ് ലാഹോറിൽ മൂന്നിടത്ത് വൻ സ്ഫോടനമുണ്ടാകുന്നത്.വ്യാപക നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക റിപ്പോർട്ട്. ലാഹോറിലേക്ക് കൂടുതൽ സൈന്യം എത്തിയിട്ടുണ്ട്. സംഭവങ്ങളെത്തുടർന്ന് ലാഹോർ, കറാച്ചി, സിയാൽകോട്ട് വിമാനത്താവളങ്ങൾ അടച്ചു.
നടന്നത് ഡ്രോൺ ആക്രമണമാണെന്ന് പോലീസ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഡ്രോൺ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചിട്ടെന്നും പോലീസ് അവകാശപ്പെട്ടു. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന നഗരമാണ് ലാഹോർ. വാഗാ അതിർത്തിയിൽനിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്താൽ ലാഹോറിലെത്താം. ഓപ്പറേഷൻ സിന്ദൂറിനുശേഷവും ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആക്രമണം ഭയന്ന് പാക്കിസ്ഥാൻ കൂടുതൽ സൈനികരെ ലഹോറിൽ എത്തിച്ചിരുന്നു.
അതിനിടെ ബലൂചിസ്താനില്‍ നടത്തിയ രണ്ടു വ്യത്യസ്ത ആക്രമണങ്ങളിൽ 14 പാകിസ്ഥാൻ സൈനികരെ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) കൊലപ്പെടുത്തി.