കോഴിക്കോട്: ഷിരൂരിൽ ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ ജീവൻ പൊലിഞ്ഞ ലോറി ഡ്രൈവര്‍ അർജുന്റെ ഓർമകൾക്ക് ഒരു വയസ്. കഴിഞ്ഞ വർഷം ജൂലൈ 16ന് കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അര്‍ജുനെ(32)യും ലോറിയും കാണാതായത്.
മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു. അർജുൻ ജീവനോടെ തിരികെവരുമെന്ന പ്രതീക്ഷകൾ അന്ന് അസ്തമിച്ചു.
കഴിഞ്ഞ വർഷം ജൂലൈ 16ന് ദേശീയപാതയോരത്ത് ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ അർജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു.
മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂർ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമാണ് തെരച്ചിൽ നടത്തിയിരുന്നത്.അർജുനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മയും ഭാര്യയും സഹോദരിയുമടക്കം കുടുംബം ഒന്നടങ്കം മുന്നോട്ടുവന്നു. എട്ടാം ദിവസമാണ് തെരച്ചിൽ പുഴയിലേക്ക് കേന്ദ്രീകരിക്കുന്നത്.
ഒടുവിൽ അർജുന്റെ ലോറിയും മൃതദേഹവും പുഴയിൽ നിന്ന് ലഭിച്ചു. കരയിൽ നിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി. ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കര്‍ണാടക സര്‍ക്കാരും കേരള സര്‍ക്കാരും ഒരുമിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.