കടുത്തുരുത്തി: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്നു ഗുഡ്സ് ട്രെയിന്റെ മുകളിലുടെ പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യൂതാഘാതമേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്നിക്കിലെ രണ്ടാം വര്‍ഷ കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി എറണാകുളം കുമ്പളം ശ്രീനിലയം വീട്ടില്‍ രതീഷ് കുമാറിന്റെ ഏകമകന് എസ്.ആര്. അദ്വൈത് (18) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാലോടെ ആപ്പാഞ്ചിറ (വൈക്കം റോഡ് ) റെയില്‍വേ സ്റ്റേഷനിലാണ് അപകടം. ക്ലാസ് കഴിഞ്ഞ് വീട്ടിലക്ക് മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. റെയില്‍വേ സ്റ്റേഷനിലെത്തിയ അദ്വൈത് ട്രാക്കില്‍ കിടന്ന് ഗുഡ്സ് ട്രെയിനിന് മുകളിലൂടെ പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
ഷോക്കേറ്റ് താഴെ വീണ അദ്വൈതിനെ റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ യൂണിറ്റില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. ഇന്നലെ കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്നിക്ക് കോളജില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വീട്ടിലെത്തിച്ച് രാത്രിയോടെ സംസ്കാരം നടത്തി.