സ്വന്തം ലേഖകന്‍
കോഴിക്കോട്: ഘടകകക്ഷികള്‍ പിന്നോട്ടടിച്ചിട്ടും മന്ത്രി കെ.ടി.ജലീലിനെ ഏതറ്റം വരെയും സംരക്ഷിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്.
ജലീല്‍ വിഷയം ഇടത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഇടിവുണ്ടാക്കിയെന്ന് പറയുമ്പോഴും ജലീലിനെ വിട്ട് യാതൊരുകളിക്കുമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
ഈ നിലപാടിനോട് സമരസപ്പെടേണ്ട അവസ്ഥയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാര്‍ട്ടിയും. മന്ത്രി ജലീല്‍ ഇഡി ഓഫീസിലേക്ക് ഒളിച്ചുപോയത് ശരിയായില്ലെന്ന കാനത്തിന്റെ വാദം പോലും മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞു.
വിവാദങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാനാണ് ജലീല്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
എതിർപ്പു പരസ്യമാക്കാതെ…
പ്രമുഖ ഘടകകക്ഷിനേതാവിനെ പോലും പരസ്യമായിതള്ളി പറഞ്ഞുകൊണ്ടാണ് പാര്‍ട്ടിഅംഗം പോലുമല്ലാത്ത കെ.ടി.ജലീലിനെ മുഖ്യമന്ത്രി സംരക്ഷിച്ചുനിര്‍ത്തുന്നത്. ഇക്കാര്യത്തില്‍ സിപിഐയ്ക്ക് ശക്തമായ ഏതിര്പ്പുണ്ടെങ്കിലും അത് പരസ്യപ്പെടുത്തില്ല.
മാത്രമല്ല കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തെ കൂടെ കൂട്ടാന്‍ സിപിഎം തയാറാണെങ്കിലും സിപിഐയുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം തീരുമാനിക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കുള്ളത്.
ഈ സാഹചര്യത്തില്‍ മന്ത്രി ജലീല്‍ വിഷയത്തില്‍ സിപിഎമ്മിനെ കടന്നാക്രമിക്കേണ്ട എന്നിലപാടാണ് സിപിഐ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
ഘടകകക്ഷികൾ നോക്കുകുത്തികളോ
ഇടതുമുന്നണിയിലെ രണ്ടാമന് എന്ന വിശേഷണം ജോസ് വിഭാഗത്തെ കൂടെ കൂട്ടുന്നതോടെ പൊളിയുമോ എന്ന ആശങ്കയാണ് കഴിഞ്ഞ ദിവസം നടന്ന നേതാക്കളുടെ യോഗത്തിലും പങ്കുവയ്ക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ജലീല്‍ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായില്ല.
മന്ത്രി വിവാദം ഗുണമായാലും ദോഷമായാലും സിപിഎമ്മിനെ തന്നെ ബാധിക്കട്ടെ എന്നനിലപാടാണ് പങ്കുവയ്ക്കുന്നത്. ഘടകക്ഷികളെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതായും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
അതേസമയം മന്ത്രി ജലീല്‍ എല്ലാകാര്യങ്ങളും നേരത്തെ തന്നെ മുഖ്യമന്ത്രിയുമായി പങ്കുവച്ചിട്ടുണ്ട്. മാധ്യമങ്ങളെ അറിയിക്കാതെ ഇഡി ഓഫീസില്‍ എത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയായിരുന്നു.’