കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി സ്വര്‍ണാഭരണങ്ങള്‍ അപഹരിച്ചെന്ന് സൂചന. ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിക്ക് സ്ത്രീധനമായ ലഭിച്ച 30 പവനടക്കം 32 പവന്റെ ആഭരണങ്ങളും മക്കളുടെ ആഭരണങ്ങളുമാണ് ജോളി കൈവശപ്പെടുത്തിയത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ സിലിയുടെ ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.
സിലി മരിക്കുന്ന 2016 ജനുവരി 11ന് താമരശേരിയിൽ പൊന്നാമറ്റത്തിൽ കുടുംബത്തിലെ ബന്ധുവിന്റെ വിവാഹ ചടങ്ങ് നടന്നിരുന്നു. പള്ളിയിലെ ചടങ്ങിനു പോകാതെ ഷാജുവും സിലിയും ജോളിയുമൊത്ത് വിവാഹസദ്യയിൽ മാത്രമെ സംബന്ധിച്ചുള്ളൂ. ഭക്ഷണം കഴിച്ചയുടൻ ഷാജുവിനെ ദന്തഡോക്ടറെ കാണിക്കാനായി നൂറുമീറ്റർ അകലെയുള്ള ക്ളിനിക്കിലേക്ക് പോയപ്പോൾ ജോളിയും കാറിൽ കയറി.
ചടങ്ങില്‍ പങ്കെടുക്കുന്നതിനാല്‍ സിലി ഏതാനും ചില ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. ഭക്ഷണത്തിൽ ജോളി വിതറിയ സയനൈഡ് ഉള്ളിൽചെന്ന് മിനിട്ടുകൾക്കകം ജോളിയുടെ മടിയിലേക്ക് സിലി കുഴഞ്ഞുവീണു. മടിയിൽകിടന്ന് അന്ത്യശ്വാസം വലിയ്ക്കുന്പോൾ സയനൈഡ് ചേർത്ത വെള്ളം സിലിക്ക് കുടിയ്ക്കാനായി നൽകി. ഈ സമയം ഒന്നും അറിയാത്തതുപോലെ ഷാജു ക്ലിനിക്കിന് ഉള്ളിലായിരുന്നു. തൊട്ടടുത്ത് അഞ്ച് ആശുപത്രികളുണ്ടായിട്ടും സിലിയെ 12 കിലോമീറ്റർ അകലെയുള്ള ശാന്തി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മുൻകൈയെടുത്തതും ജോളിയാണ്.
പീന്നീട് ഈ ആഭരണങ്ങളും സിലിയുടെ ബാഗും ആശുപത്രി അധികൃതര്‍ ജോളിയുടെ കൈവശം നല്കി. സിലി മരിച്ചതിനു ശേഷം മൃതദേഹം വീട്ടിലെത്തിച്ചതിന് ശേഷം ജോളി ഒരു ബാഗുമായി അടുക്കളയുടെ ഭാഗത്തേക്ക് വരികയും സിലിയുടെ സഹോദരൻ സിജോയുടെ കൈവശം നല്‍കുകയും ചെയ്തു.സിലിയുടെ മൃതദേഹത്തിനടുത്തിരിക്കുകയായിരുന്നു ഷാജുവിനെ വിളിച്ച് സഹോദരന് ഈ ബാഗ് ഉടൻ കൈമാറി. ഷാജു ഇത് സിലി ഉപയോഗിച്ചിരുന്ന അലമാരയില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ സിലി മരിച്ചതിന് രണ്ടു ദിവസത്തിന് ശേഷം ഷാജുവിന്റെ വീട്ടിലെത്തിയ ജോളി ഷാജുവിന്റെ അമ്മയുമൊത്ത് സിലി ഉപയോഗിച്ച അലമാര പരിശോധിക്കുന്നത് ചില ബന്ധുക്കൾ കണ്ടിരുന്നു. സിലിയുടെ പല സാധനങ്ങളും ഇരുവരും ചേര്‍ന്ന് കത്തിച്ചു നശിപ്പിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.
ഷാജു പിന്നീട് ജോളിയെ വിവാഹം ചെയ്തു. സ്ത്രീധനമായി നൽകിയ സിലിയുടെ ആഭരണത്തെക്കുറിച്ച് സിലിയുടെ ബന്ധുക്കൾ അന്വേഷിച്ചപ്പോൾ അതെല്ലാം പുല്ലൂരാംപാറയിലെ ധ്യാനകേന്ദത്തിൽ സിലി നേരത്തെ സംഭാവന ചെയ്തതായാണ് ജോളിയും ഷാജുവും മറുപടി പറഞ്ഞത്. അതിൽ സിലിയുടെ ബന്ധുനൽകിയ ഒരു പവന്റെ വള ഒരിക്കലും സംഭാവനചെയ്യാനിടയില്ലെന്ന് സിലിയുടെ ബന്ധക്കൾ പറഞ്ഞിരുന്നു. ദിവസങ്ങൾക്കകം ഷാജു സിലിയുമൊത്ത് സിലിയുടെ കല്ലാനോട്ടെ വീട്ടിലെത്തി ഒരു പവന്റെ പുതിയ വള നൽകി.
സിലി സഹോദരിയുടെ കൈയില്‍ നിന്ന് വാങ്ങിയ വളയ്ക്ക് പകരമാണിതെന്ന് പറഞ്ഞാണ് ഷാജു ഈ വള നല്‍കിയത്. കൂടത്തായി കേസ് പുറത്തറിഞ്ഞതോടെയാണ് സിലിയുടെ ആഭരണങ്ങള്‍ ജോളിയും ഷാജുവും ചേര്‍ന്ന് കൈക്കാലാക്കിയതാവാമെന്ന സംശയം ബന്ധുക്കള്ക്കുണ്ടാവുന്നത്. സിലി മരിക്കുന്പോൾ ധരിച്ചിരുന്ന ആഭരണങ്ങളടക്കം ധ്യാനകേന്ദ്രത്തിൽ നൽകിയെന്ന വാദം നുണയാണെന്ന് ബന്ധുക്കൾ പോലീസിനോട് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ മരിക്കുന്ന ദിവസം അണിഞ്ഞിരുന്ന ആഭരണങ്ങൾ എങ്ങനെ സിലിക്ക് ധ്യാനകേന്ദ്രത്തിൽ നൽകാനാവുമെന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്. ഇതേകുറിച്ച് ഷാജുവും മൗനത്തിലാണ്. ഷാജുവിനെയും ജോളിയേയും അന്വേഷണസംഘം ഈ വിഷയത്തിൽ വീണ്ടും ചോദ്യംചെയ്യും. റോയിയുടെ സഹോദരി റെഞ്ചിയുടെ വിവാഹ ആവശ്യത്തിനായി അമ്മ അന്നമ്മടീച്ചർ വാങ്ങി സൂക്ഷിച്ചിരുന്ന 65 പവനിൽ ഒരോപവൻ വീതമുള്ള എട്ടു വള കാണാതായ സംഭവവും മുൻപ് ഉണ്ടായിട്ടുണ്ട്.അന്നുതന്നെ വീട്ടുകാർ ജോളിയെ സംശയിച്ചിരുന്നു.