Set us Home Page

ഡോക്ടറായി എസി റൂമില്‍ ഇരിക്കാമായിരുന്നിട്ടും പ്രണയിച്ചത് കാക്കിയെ ! മന്ത്രിമാരെപ്പോലും വകവെയ്ക്കാത്ത ഐപിഎസുകാരി;’സൈക്കോ’ ജോളിയെ പഴുതടച്ച് അകത്താക്കാന്‍ നിയോഗിക്കപ്പെട്ട ദിവ്യ ഗോപിനാഥിനെക്കുറിച്ചറിയാം…

കൂടത്തായി കൊലപാതക പരമ്പരയിലൂടെ ജോളി എന്ന സ്ത്രീ ഞെട്ടിച്ചത് മലയാളികളെ ഒന്നടങ്കമാണ്. ഇതുവരെ ഇന്ത്യയില്‍ ഒരു വനിതയും ചെയ്യാത്ത കൃത്യമാണ് ജോളി ചെയ്തത് എന്ന് ഒരു ഉള്‍ക്കിടിലത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ തന്നെയാണ്.അന്വേഷണ സംഘത്തിന് സാങ്കേതിക സഹായങ്ങള്‍ നല്‍കാന്‍ ഒരു പ്രത്യേക സംഘത്തെ കൂടി നിയമിച്ചപ്പോഴാണ് ഐടി സെല്‍ പൊലീസ് സൂപ്രണ്ടന്റ് ഡോ. ദിവ്യ വി ഗോപിനാഥിനെയും ഉള്‍പ്പെടുത്തിയത്. കുറ്റാന്വേഷണ രംഗത്ത് മികവു തെളിയിച്ച ഉദ്യോഗസ്ഥയാണ് ദിവ്യ. കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥയായ ഇവര്‍ കേരളത്തിലേക്ക് എത്തിയത് കുറച്ചു കാലം മുമ്പാണ്.

കര്‍ണാടക കേഡറിലായിരുന്ന ഈ ഉദ്യോഗസ്ഥ സെന്‍ട്രല്‍ കേഡറില്‍ ഡെപ്യൂട്ടേഷനിലാണ് ഇപ്പോള്‍ കേരളത്തിലെത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ വച്ച് മന്ത്രിയുടെ കാര്‍ കടത്തിവിടാതെ തടഞ്ഞും അതിന് മന്ത്രിയുടെ അധിക്ഷേപമേല്‍ക്കേണ്ടി വന്നതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ഉദ്യോഗസ്ഥയാണ് ദിവ്യ ഗോപിനാഥ്. ഇക്കഴിഞ്ഞ ജൂലൈ 18ന് തുമകുരു ജില്ലാ ഭരണകൂടത്തെ സുരക്ഷയൊരുക്കുന്നതിന് സഹായിക്കുന്നതിനിടെയായിരുന്നു സംഭവം.

സിദ്ധഗംഗ മഠത്തില്‍ സുരക്ഷയൊരുക്കുന്നതിനാണ് അവധിയിലായിരുന്ന മുന്‍ തുമകുരു പൊലീസ് സൂപ്രണ്ടായിരുന്ന ദിവ്യയുടെ സഹായം അധികൃതര്‍ തേടിയത്. ശിവകുമാര സ്വാമിയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ ശേഷം അകത്തേക്ക് കൊണ്ടുപോകുന്ന ചടങ്ങായിരുന്നു മഠത്തില്‍ നടന്നത്. എന്നാല്‍ ചടങ്ങ് അവസാനഘട്ടത്തിലെത്തിയ മന്ത്രി കെ സി മഹേഷിന്റെ വാഹനം കടത്തിവിടാന്‍ ദിവ്യ തയ്യാറായില്ല.

ക്ഷുഭിതനായ മന്ത്രി ഉദ്യോഗസ്ഥയോട് അലറിക്കൊണ്ട് ‘ബ്ലഡി ലേഡി, ഞാനാരാണെന്ന് അറിയാമോ? ഞാനൊരു മന്ത്രിയാണ്’ എന്ന് പറഞ്ഞു. തുമുകുരു ഡെപ്യൂട്ടി കമ്മിഷണര്‍ രാകേഷ് സിങ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥയെ രക്ഷിക്കാന്‍ ഓടിയെത്തുകയും ചെയ്തു. തുമുകുരു പൊലീസ് സൂപ്രണ്ടായിരുന്ന ദിവ്യയെ ഈ സംഭവത്തിന് ഏതാനും ദിവസം മുമ്പ് സ്ഥലംമാറ്റിയിരുന്നു. അതിനെതുടര്‍ന്ന് ലീവിലായിരുന്ന അവര്‍ വകുപ്പില്‍ നിന്നുള്ള അഭ്യര്‍ത്ഥന സ്വീകരിച്ചാണ് സുരക്ഷാ സംവിധാനങ്ങളില്‍ സഹായിക്കാനെത്തിയത്. സംഭവം വലിയ വിവാദമാകുകയും അന്ന് മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി കുമാരസ്വാമി ഉദ്യോഗസ്ഥയോട് മാപ്പ് പറയാന്‍ മന്ത്രിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ സംഭവത്തിനു ശേഷം സെന്‍ട്രല്‍ കേഡര്‍ ഡെപ്യൂട്ടേഷനിലൂടെ ദിവ്യ കേരളത്തിലെത്തുകയായിരുന്നു.

കൂടത്തായി കൊലപാതക പരമ്പരയില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുക എന്നതാണ് കേരളാ പോലീസിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതു നേരിടാനാണ് ദിവ്യയെ രംഗത്തിറക്കിയിരിക്കുന്നത്. ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് ഐപിഎസിനെ പ്രണയിച്ച വ്യക്തിയാണ് ദിവ്യ ഗോപിനാഥ്. 2010ല്‍ സിവില്‍ സര്‍വീസ് നേടിയെടുത്ത അവര്‍ സര്‍ഗദാര്‍ വല്ലാഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ നിന്നുമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

കര്‍ണാടകത്തില്‍ ചിക്കബല്ലാപ്പൂര്‍ ജില്ലയില്‍ എസ്പിയായി ജോലി നോക്കവെ പ്രമാദമായ കേസുകളും ദിവ്യ തെളിയിച്ചിട്ടുണ്ട്. മലയാളവും ഹിന്ദിയും ഇംഗ്ലീഷും കന്നഡയും അടക്കമുള്ള ഭാഷകളും ഇവര്‍ക്ക് വശമുണ്ട്. എന്തായാലും ഡോക്ടറിന്റെ വെള്ളക്കുപ്പായം ഉപേക്ഷിച്ച് കാക്കിയെ പ്രണയിച്ച ദിവ്യയ്ക്ക് ജോളിയെ പൂട്ടാനാവുമെന്നു തന്നെയാണ് പോലീസ് സേനയുടെ വിശ്വാസം.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS