അത്​ഭുതകരമായ അവധി! പണിയെടുക്കേണ്ട, പോയിക്കിടന്ന്​ ഉറങ്ങൂ; ജീവനക്കാരോട്​ കമ്പനി…

ബംഗളൂരു: എല്ലുമുറിയെ പണിയെടുപ്പിച്ച്​ ജീവനക്കാരെ പരമാവധി പിഴിയുന്ന കമ്പനികളുള്ള നാടാണിത്​. അപ്പോഴാണ്​ ഒരു കമ്പനി സ്വന്തം ജീവനക്കാരോട്​ പറയുന്നത്​,  ‘പണിയെടുക്കേണ്ട, പോയിക്കിടന്ന്​ ഉറങ്ങിക്കോളാൻ’.

ഹോം ഫർണിഷിങ്​ മേഖലയിൽ പ്രവർത്തിക്കുന്ന ബംഗളൂരു ആസ്ഥാനമായ കമ്പനിയായ ‘വേക്​ഫിറ്റ്​ സൊലൂഷൻസ്​’ ആണ്​ ഉറങ്ങാനായി ജീവനക്കാർക്ക്​ വെള്ളിയാഴ്ച പ്രത്യേകഅവധി തന്നെ അനുവദിച്ചത്​.

മാർച്ച്​ 17ന്​ ലോക ഉറക്കദിനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്​.​ ജീവനക്കാരുടെ ആരോഗ്യസംരക്ഷണമാണ്​ ലക്ഷ്യമെന്നും വിശ്രമിക്കാനും വെറുതെ ഇരിക്കാനും അവധി ഉപയോഗിക്കണമെന്നും ജീവനക്കാർക്ക്​ അയച്ച മെയിലിൽ കമ്പനി പറയുന്നു.

‘അത്​ഭുതകരമായ അവധി: ഉറക്കത്തിന്‍റെ സമ്മാനപ്രഖ്യാപനം’ എന്നാണ്​ അവധി അറിയിപ്പിന്‍റെ തലക്കെട്ട്​.

ഇന്ത്യയിലെ ജീവനക്കാരുടെ ഉറക്കമില്ലായ്മയുടെയും വിശ്രമമില്ലായ്മയുടെയും കണക്കും കമ്പനി വിശദീകരിക്കുന്നുണ്ട്​.

രാജ്യത്തെ 21 ശതമാനം ജീവനക്കാരും ഉറക്കം തൂങ്ങിയാണ്​ തൊഴിലിടങ്ങളിൽ ഇരിക്കുന്നത്​. 11ശതമാനം പേരും മതിയായ ഉറക്കം കിട്ടാതെയാണ്​ എഴുന്നേൽക്കുന്നത്​.

ഇതിനാൽ ലോക ഉറക്കദിനത്തിൽ മതിയായ ഉറക്കം അനുവദിക്കുക തന്നെയാണ്​ ജീവനക്കാർക്ക്​ കൊടുക്കാനാകുന്ന ​ഏറ്റവും വലിയ സമ്മാനമെന്നും കമ്പനി പറയുന്നു.

മുമ്പും സമാനരീതിയിൽ ജീവനക്കാർക്ക്​ വിശ്രമിക്കാൻ പ്രത്യേക അവസരം നൽകിയ കമ്പനിയാണിത്​. ജോലിസമയത്ത്​ 30 മിനിറ്റ്​ മയങ്ങാനുള്ള അവസരമാണ്​ അന്ന്​ നൽകിയത്​. 

രാജ്യത്താകെ 5000ത്തോളം ജീവനക്കാരാണ്​ കമ്പനിക്കുള്ളത്​. അങ്കിത്​ ഗാർഗ്​, ചൈതന്യ രാമലിംഗ ഗൗഡ എന്നിവരാണ്​ സ്ഥാപകർ.

എന്തായാലും ഉറക്കത്തിനും വിശ്രമത്തിനും മതിയായ സമയം നൽകിയിട്ടും കമ്പനിയുടെ വളർച്ച മുന്നോട്ട്​ തന്നെയാണ്​. 

Related posts

Leave a Comment