മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതായപ്പോഴാണ് സോളോയുടെ ക്ലൈമാക്‌സ് എഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചത്! ചിത്രം കണ്ടപ്പോള്‍ എനിക്കുണ്ടായ അനുഭവവും അതിന് കാരണമായി; തുറന്നു പറഞ്ഞ് സോളോ നിര്‍മ്മാതാവ്

സംവിധായകന്റെ അറിവു കൂടാതെ സോളോ സിനിമയുടെ ക്ലൈമാക്‌സ് എഡിറ്റ് ചെയ്തു എന്ന വാര്‍ത്തയ്ക്ക് പ്രതികരണവുമായി ചിത്രത്തിന്റെ നിര്‍മാതാവ് എബ്രഹാം മാത്യു രംഗത്ത്. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ചില തിരുത്തലുകള്‍ വരുത്താന്‍ താന്‍ സംവിധായകനോട് ആവശ്യപ്പെട്ടെന്നും അതിന് അദ്ദേഹം വഴങ്ങാതായപ്പോള്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ക്ലൈമാക്‌സ് എഡിറ്റ് ചെയ്തതെന്നും എബ്രഹാം പറയുന്നു. സോളോ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ കഥകളുടെ ഓര്‍ഡര്‍ മാറ്റാന്‍ ഞാന്‍ പലവട്ടം സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു.

ചിത്രം കണ്ടപ്പോള്‍ പൊതുവില്‍ എനിക്കുണ്ടായ ഒരു അനുഭവം കൊണ്ടാണ് അപ്പോള്‍ അങ്ങനെ ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹം അതിന് തയാറായില്ല. എന്നാല്‍ പ്രേക്ഷക പ്രതികരണവും മറ്റൊന്നായിരുന്നില്ല. ക്ലൈമാക്‌സ് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ചിത്രം റിലീസ് ചെയ്ത് അന്നു തന്നെ ഞാന്‍ അദ്ദേഹത്തെ കാര്യങ്ങള്‍ അറിയിച്ചു. പ്രേക്ഷകരുടെ നെഗറ്റീവ് റിയാക്ഷന്‍സ് പരിധിവിട്ടപ്പോള്‍ വീണ്ടും അദ്ദേഹത്തോട് നാല് കഥകളില്‍ നല്ല ക്ലൈമാക്‌സ് ഉള്ള ത്രിലോക് അവസാനം ഇട്ട് ഓര്‍ഡര്‍ തിരുത്താനും അതോടൊപ്പം രുദ്ര ക്ലൈമാക്‌സ് എഡിറ്റ് ചെയ്യാനും സാധിക്കുമോ എന്നും ചോദിച്ചു. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

പക്ഷെ അദ്ദേഹം ഒരു തരത്തിലും വഴങ്ങാതെ വന്നപ്പോളാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്. ദുല്‍ഖര്‍ എന്ന നടന്റെ കരിയറിലെ മികച്ച നാല് കഥാപാത്രങ്ങളും അതിനായി അദ്ദേഹം എടുത്ത കഠിന പ്രയത്‌നവും പ്രേക്ഷകര്‍ കൂകി തോല്‍പ്പിക്കുന്നത് വേദനാജനകമായി. അതു കൊണ്ട് ക്ലൈമാക്‌സില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ നിര്‍ബന്ധിതനായി. എന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. മാറ്റിയ ക്ലൈമാക്‌സ് പ്രേക്ഷകര്‍ സ്വീകരിച്ചെന്നാണ് തീയറ്ററുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. എബ്രഹാം പറഞ്ഞു. നേരത്തെ ചിത്രം എഡിറ്റ് ചെയ്തതിനെതിരെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ നായകനായ ദുല്‍ഖര്‍ സല്‍മാനും സോളോയെ കൊല്ലരുതെ എന്ന അപേക്ഷയുമായി സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു.

 

 

Related posts