തോ​മാ​ച്ചാ​യ​ന്‍റെ ഇ​രു​പ​ത്തി​മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ!

എവർഗ്രീൻ മാസ് ചിത്രമായ സ്ഫടികത്തിലെ ആടുതോമയെന്ന തോമച്ചായനെ മലയാളികൾ നെഞ്ചിലേറ്റിയിട്ട് ഇരുപത്തിമൂന്ന് വർഷങ്ങൾ പൂർത്തിയായി. ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികത്തിൽ ആടു തോമയെന്ന വിളിപ്പെരുള്ള തോമസ് ചാക്കോയെ അവതരിപ്പിച്ചത് മോഹൻലാൽ ആണ്.

1995ൽ റിലീസ് ചെയ്ത ചിത്രത്തിൽ തോമസ് ചാക്കോയുടെ അച്ഛൻ ചാക്കോ മാഷിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചത് തിലകൻ ആണ്. മകന്‍റെ ലോറിക്ക് ചെകുത്താൻ എന്ന പേരു സമ്മാനിച്ച അച്ഛനും കൊലമാസ്. സ്ഫടികം ഇറങ്ങി രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും പിരിച്ചു വെച്ച മീശയും റെയ്ബാൻ ഗ്ലാസും ബുള്ളറ്റും ഓരോരുത്തരെയും എത്രമാത്രം സ്വാധീനിച്ചുവെന്നുള്ളതിന് തെളിവാകുകയാണ് തോമാച്ചായൻ എന്ന പേര് കേൾക്കുന്പോഴുള്ള ആർപ്പുവിളി.

നായകന്‍റെ കളിക്കൂട്ടുകാരി തുളസിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഉർവശി, അമ്മയുടെ വേഷത്തെ അവതരിപ്പിച്ച കെ.പി.എസ്.സി.ലളിത, നായകന്‍റെ കുഞ്ഞനുജത്തി ചിപ്പി, മണിയൻ പിള്ളരാജു, നെടുമുടി വേണു, സ്ഫടികം ജോർജ്, എൻ.എഫ്.വർഗീസ്, ശ്രീരാമൻ, കരമന ജനാർദ്ദനൻ നായർ, ഭീമൻ രഘു തുടങ്ങിയ വലിയ താരനിരയുടെ മിന്നും പ്രകടനത്തിലൂടെ മലയാള സിനിമയ്ക്കു ലഭിച്ചത് എക്കാലവും സിനിമ പ്രേമികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന ഒരു എവർഗ്രീൻ മാസ് ചിത്രമായിരുന്നു.

ഭദ്രൻ തന്നെ തിരക്കഥ രചിച്ച ചിത്രം നിർമിച്ചത് ആർ.മോഹൻ ആണ്. പി. ഭാസ്ക്കരൻ രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എസ്.പി. വെങ്കിടേഷ് ആണ്.

Related posts