വെള്ളംകുടിയുടെ അളവ് പോലും കുറച്ചതുകൊണ്ട് ഉറങ്ങുമ്പോള്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയമുണ്ട്! ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ 1000 ദിവസം പിന്നിട്ട തന്റെ സമരം ഇനി ശവപ്പെട്ടിയിലെന്ന് ശ്രീജിത്ത്

അര്‍ഹമായ നീതിയ്ക്കുവേണ്ടി സമരം ചെയ്യുന്ന സംസ്ഥാനത്തെ നിരവധിയാളുകളില്‍ ഒരാളാണ് ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍. ചുരുങ്ങിയ നാളത്തേയ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ പിന്തുണ അറിയിച്ച വ്യക്തി.

സഹോദരന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ശ്രീജിത്തിന്റെ സമരം ഇപ്പോഴിതാ ആയിരം ദിവസം പിന്നിട്ടിരിക്കുന്നു. ഈ അവസരത്തില്‍ സമരരീതി തന്നെ മാറ്റിക്കൊണ്ടുള്ള പ്രതിഷേധമാണ് ശ്രീജിത്ത് നടത്തിയിരിക്കുന്നത്. തന്റെ അളവിലുള്ള ശവപ്പെട്ടി തയ്യാറാക്കി അതില്‍ കിടന്നാണ് പുതിയ സമരം.

സഹോദരന്റെ കസ്റ്റഡിമരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടെങ്കിലും ആരോപണവിധേയരായ പോലീസുകാര്‍ സര്‍വീസില്‍ തുടരുന്നെന്നും അവരെ നീക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്.

തടികൊണ്ട് സ്വയം നിര്‍മിച്ച ശവപ്പെട്ടിയില്‍ കിടന്നാണ് ശ്രീജിത്ത് ഇപ്പോള്‍ സമരം ചെയ്യുന്നത്. ശവപ്പെട്ടി തയാറാക്കി അതില്‍ കിടക്കുന്നതിന് കാരണവുമുണ്ട്. കുറച്ച് ദിവസമായി നിരാഹാരസമരമാണ്. വെള്ളം കുടിയുടെ അളവും കുറച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കാന്‍ പറ്റുന്നില്ല. ഉറങ്ങുമ്പോള്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയമുണ്ട്. ഇതാകുമ്പോള്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടാകുകയില്ല. എടുത്തു കൊണ്ട് പോകാം.’ ശ്രീജിത്ത് പറയുന്നു.

വൈദ്യസഹായം ആവശ്യമുള്ള സ്ഥിതിയിലായിരിക്കുകയാണ് ശ്രീജിത്ത്. പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ സഹോദരന്‍ ശ്രീജീവ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയ ശ്രീജിത്തിന്റെ സമരം സെപ്റ്റംബര്‍ നാലിന് ആയിരം ദിവസം തികഞ്ഞു. 2015 മെയ് 22നാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായെത്തിയത്.

760ാം ദിവസം പിന്നിട്ടപ്പോഴേക്കും സമരത്തിന് ജനകീയ പിന്തുണ ലഭിച്ചു തുടങ്ങി. പിന്നീട് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിക്കുകയും തുടര്‍ന്ന് വലിയ ജനപിന്തുണയോടെ ജനുവരി 14ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ബഹുജനജാഥയും നടത്തി.

തുടര്‍ന്ന് സിബിഐ അന്വേഷണ വിജ്ഞാപനമിറക്കുകയും ഉത്തരവ് ശ്രീജിത്തിന് കൈമാറുകയും ചെയ്തു. സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നുവെന്നതാണ് നിലവില്‍ ശ്രീജിത്തിന്റെ പരാതി.

Related posts