കൂത്തുപറമ്പ്: ഉപയോഗം കഴിഞ്ഞ ശേഷം പലരും വലിച്ചെറിഞ്ഞ് കളയുന്ന പ്ലാസ്റ്റിക്കും ഹാർഡ് ബോർഡുമെല്ലാം ശ്രീനന്ദിന് പാഴ്വസ്തുക്കളല്ല. തന്റെ കരസ്പർശത്തിലൂടെ ഇതൊക്കെ ഉപയോഗിച്ച് വിവിധ വാഹനങ്ങളുടെ മിനിയേച്ചറുകൾ ഉണ്ടാക്കുകയാണ് അഞ്ചരക്കണ്ടിക്കടുത്ത് കല്ലായിയിലെ ശ്രീനന്ദനത്തിൽ കെ.ശ്രീനന്ദ് എന്ന ഒമ്പതാം ക്ലാസുകാരൻ.
അധ്യാപകർ ആവശ്യപ്പെട്ടതു പ്രകാരം സ്കൂൾ ബസിന്റെ മിനിയേച്ചർ തന്നെ നിർമിച്ചു നൽകി അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. നാലാം ക്ലാസിൽ പഠിക്കുമ്പോഴേ തുടങ്ങിയതാണ് ശ്രീ നന്ദിന് വാഹനങ്ങളോടുള്ള കമ്പം. അതിനാൽ തന്നെ വീടിനടുത്തും മറ്റും നിർത്തിയിടുന്ന വാഹനങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിക്കും.
അതിനു ശേഷം അവധി ദിവസങ്ങളിൽ പ്ലാസ്റ്റിക്ക് ഷീറ്റുകളും ഹാർഡ് ബോർഡും ഹോം ഷീറ്റുമൊക്കെ ഉപയോഗിച്ച് വാഹനത്തിന്റെ രൂപം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുക. ഇങ്ങനെ നിർമിച്ചതിൽ ലോറി, ബസ്, റോഡ് റോളർ, ജീപ്പ് സ്കൂട്ടർ, ഹിറ്റാച്ചി എന്നിവയൊക്കെയുണ്ട്.
സ്വയം നിർമിച്ച വാഹനങ്ങൾക്ക് റിമോർട്ട് മെഷീൻ കൂടി ഘടിപ്പിച്ച തോടെ റിമോർട്ടിൽ കൺട്രോൾ ചെയ്യാവുന്ന വാഹനങ്ങളാക്കി മാറ്റും. വിവിധ നിറത്തിലുള്ള കളർ ബൾബുകൾ പ്രകാശിപ്പിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകളാണ് ഏറെ ആകർഷണീയം.
ശ്രീനന്ദിന്റെ ഈ രംഗത്തെ അഭിരുചി മനസിലാക്കി അധ്യാപകൻ സ്കൂൾ ബസിന്റെ മിനിയേച്ചേർ നിർമിക്കാൻ ആവശ്യപ്പെട്ടു.അങ്ങിനെയാണ് സ്വന്തം സ്കൂളിന്റെ പേര് എഴുതിയ ബസ് തന്നെ നിർമിച്ചു നൽകുകയായിരുന്നു. വെൺമണൽ എൽപി സ്കൂളിലെ പൂർവ വിദ്യാർഥി സംഗമത്തിൽ കരകൗശല നിർമാണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സുനിൽകുമാർ -സന്ധ്യ ദമ്പതികളുടെ മകനാണ് ശ്രീനന്ദ്.