കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുന്പോഴാണ് അപകടം.ഇന്നു രാവിലെ സ്കൂളിൽ കളിക്കുന്നതിനിടെ മിഥുന്റെ ചെരുപ്പ് കെട്ടിട മേൽക്കൂരിലെ ഷീറ്റിനു മുകളിലേക്കുവീഴുകയായിരുന്നു.
ചെരുപ്പ് എടുക്കുന്നതിനായി കുട്ടി ഷീറ്റിനു മുകളിലേക്കു കയറി.മേൽക്കൂരയിൽ താഴ്ന്നുകിടന്ന കെഎസ്ഇബി വൈദ്യുത ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.
അതേസമയം, കെട്ടിടത്തിനു മുകളിലൂടെ കെഎസ്ഇബി ലൈൻ പോകുന്നുണ്ടെന്നാണ് അറിഞ്ഞതെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു.
ചെരുപ്പ് എടുത്ത് ഇറങ്ങുന്ന സമയത്ത് ലൈനിൽ തട്ടിയതാണെന്നാണ് അറിയുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ഉടനെതന്നെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.