പയ്യന്നൂര്‍: പയ്യന്നൂരില്‍ വയോധികയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണമാരംഭിച്ചു. പയ്യന്നൂര്‍ കൊറ്റി അങ്കണവാടിക്ക് സമീപത്തെ സുരഭി ഹൗസില്‍ സുലോചന (76) യുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സംഭവസ്ഥലത്തെ ത്തിയ ക്രൈംബ്രാഞ്ച് സംഘം മൃതദേഹം കണ്ടെത്തിയ കിണര്‍ പരിശോധിച്ചത്.
2024 ഒക്ടോബര്‍ രണ്ടിന് രാവിലെ പതിനൊന്നരയോടെയാണ് സുലോചനയെ (76) കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചലിലാണ് വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, ഇവര്‍ ധരിച്ചിരുന്ന അഞ്ചുപവനോളം ആഭരണങ്ങള്‍ മൃതദേഹത്തില്‍ കാണാതിരുന്നത് സംശയത്തിനിടയാക്കി. വിരലില്‍ മുറുകിക്കിടന്നിരുന്ന മോതിരം നഷ്ടപ്പെടാതിരുന്നതും സംശയം ഇരട്ടിപ്പിച്ചു.
ചെരുപ്പുകള്‍ കിണറ്റിന് സമീപത്ത് നിന്ന് ഇരുപതോളം മീറ്റര്‍ അകലെ വ്യത്യസ്തയിടങ്ങളില്‍ കണ്ടതും ബന്ധുക്കളിലും നാട്ടുകാരിലും കൂടുതല്‍ സംശയമുണ്ടാക്കി. കിണറ്റിലെ വെള്ളം വറ്റിച്ച് പയ്യന്നൂര്‍ പോലീസ് പരിശോധന നടത്തിയിട്ടും ആഭരണങ്ങള്‍ കണ്ടെത്താനായില്ല. കൊലപാതകമാണെന്ന നിഗമനത്തിലെത്തിയിട്ടും ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടും പലരേയും ചോദ്യം ചെയ്തിട്ടും മരണത്തിലെ ദുരൂഹത നീക്കാനോ ആഭരണങ്ങള്‍ കണ്ടെത്താനോ സാധിച്ചില്ല.
ഈ സാഹചര്യത്തിൽ റൂറല്‍ ജില്ലാ പോലീസ് മേധാവി പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നിയോഗിച്ച പ്രത്യേക സംഘത്തിനു കേസന്വേഷണം കൈമാറിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താതെ വന്നതോടെയാണ് കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി എം.വി. അനില്‍കുമാറും സംഘവും ഇന്നലെ കൊറ്റിയിലെത്തി സംഭവസ്ഥലത്തെ കിണറും പരിസരവും പരിശോധിച്ചത്. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ അന്വേഷണ സംഘം ബന്ധുക്കളെയും മറ്റും കണ്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പുറത്തുവിട്ടിട്ടില്ല.