സത്യം പുറത്തുവരുമോ? നേരറിയാന്‍ പുതിയ സംഘം; ബ്ലാക്‌ബെറി ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ഡല്‍ഹി പോലീസ് അമേരിക്കയിലേക്ക്

Sunandaന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റ മരണത്തെക്കുറിച്ച ്അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ അഴിച്ചു പണിയും. കേസ് തുടക്കത്തില്‍ അന്വേഷിച്ച ഡല്‍ഹി പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥരെ എസ്‌ഐടിയില്‍ ഉള്‍പ്പെടുത്തും. പുതിയ സംഘം എത്രയും വേഗം കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ അവര്‍ താമസിച്ചിരുന്ന ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണം നടന്നു മൂന്നു വര്‍ഷമാവും മുമ്പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നീക്കം. അടുത്തമാസം അവസാനം ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറുമെന്നാണ് സൂചന.

സുനന്ദ ഉപയോഗിച്ചിരുന്ന ബ്ലാക്‌ബെറി ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കാനായി ഡല്‍ഹി പോലീസിലെ ഒരുസംഘത്തെ അമേരിക്കയിലേക്ക് അയയ്ക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ഡല്‍ഹി പോലീസ് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മന്ത്രാലയം യുഎസ് അധികൃതരുമായി ഉടന്‍ ബന്ധപ്പെടും. ഇതിനു ശേഷമാവും പോലീസ് സംഘത്തിന്റെ അമേരിക്കന്‍ യാത്ര. വിദഗ്ധ പരിശോധനയ്ക്കായി അയച്ച സുനന്ദയുടെ ആന്തരികാവയവ സാംപിള്‍ അമേരിക്കന്‍ ആഭ്യന്തര അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ലാബിലാണ്. അതിന്റെ പരിശോധനാ ഫലവും പോലിസ് സംഘം തിരികെ കൊണ്ടുവരും. ഇതുവരെ നടന്ന അന്വേഷണത്തിന്റെ വിശദവിവരങ്ങളും ഇന്ത്യയിലെ ലാബില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങളുമുള്‍പ്പെടെയാണ് എഫ്ബിഐക്ക് അയച്ചുകൊടുത്തിരിക്കുന്നത്.

എന്താണ് മരണ കാരണമെന്നു വ്യക്തമാക്കുന്നതില്‍ എഫ്ബിഐയുടെ ആദ്യ പരിശോധനാ ഫലം പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്നു വിശദപരിശോധനയ്ക്കായി വീണ്ടും സാമ്പിള്‍ അയയ്ക്കുകയായിരുന്നു. സംഭവം നടന്നു മൂന്നുവര്‍ഷം ആവാറായിട്ടും അന്വേഷണം എങ്ങും എത്താതിരിക്കെ എസ്‌ഐടി സമര്‍പ്പിക്കുന്ന ഈ റിപ്പോര്‍ട്ടോടെ കേസ് അവസാനിപ്പിക്കാനും സാധ്യതയുണ്ട്.

Related posts