കോട്ടയം: ഓണം സമൃദ്ധമാക്കാന്‍ ഗിഫ്റ്റ് കാര്‍ഡുകളുമായി സപ്ലൈകോ. സപ്ലൈകോയില്‍നിന്നു ലഭിക്കുന്ന കാര്‍ഡുകള്‍ പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസയ്ക്കൊപ്പം കൈമാറാം. ഓഗസ്റ്റ് ആദ്യവാരം മുതല്‍ കാര്‍ഡുകള്‍ ലഭ്യമാകും. ഗിഫ്റ്റ് കാര്‍ഡുമായി ഔട്ട്ലെറ്റുകളിലെത്തു ന്നവർക്ക് സദ്യയൊരുക്കാനുള്ള വിഭവങ്ങളടങ്ങിയ സമൃദ്ധികിറ്റും സിഗ്നേച്ചർ കിറ്റുമായി മടങ്ങാം.
ആദ്യമായാണ് സപ്ലൈകോ ഓണത്തിന് മുന്നോടിയായി ഈ സംവിധാനം ഒരുക്കുന്നത്. 1,000 രൂപയുടെയും 500 രൂപയുടെയും ഗിഫ്റ്റ് കാര്‍ഡുകളാണുണ്ടാവുക. 1,225 രൂപയുള്ള സമൃദ്ധി ഓണക്കിറ്റ് 1,000 രൂപയ്ക്കും 625 രൂപയുള്ള മിനി സമൃദ്ധി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള സിഗ്നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും ലഭ്യമാകും.
18 ഇനങ്ങളടങ്ങിയതാണ് സമൃദ്ധി കിറ്റ്. അഞ്ച് കിലോഗ്രാം അരി, ഒരുകിലോ പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, കടുക്, ജീരകം, മഞ്ഞള്‍പ്പൊടി, പുട്ടുപൊടി, മില്‍മ നെയ്യ്, പായസം മിക്സ്, മല്ലിപ്പൊടി, സാമ്പാര്‍ പൊടി, ആട്ട, ശര്‍ക്കര, ചായപ്പൊടി, കടല, മാങ്ങ അച്ചാര്‍, ഉലുവ എന്നിവ കിറ്റിലുണ്ടാകും. പത്തിനങ്ങളുള്ള മിനി കിറ്റില്‍ അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, കടുക്, മഞ്ഞള്‍പ്പൊടി, മില്‍മ നെയ്യ്, പായസം മിക്സ്, സാമ്പാര്‍ പൊടി, ശര്‍ക്കരപ്പൊടി എന്നിവയുണ്ടാകും. ശബരി ഉല്‍പ്പന്നങ്ങളായ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍ പൊടി, രസംപൊടി, ഉലുവ, കടുക്, പാലട, പുട്ടുപൊടി എന്നീ ഒമ്പതിനങ്ങളാണ് സിഗ്നേച്ചർ കിറ്റിലുണ്ടാവുക. ഗിഫ്റ്റ് കാര്‍ഡുകളുമായി സപ്ലൈകോയുടെ ഏത് ഔട്ട്ലെത്തിയാലും കിറ്റുകള്‍ സ്വന്തമാക്കാം.