പുതുക്കാട് (തൃശൂർ): ടച്ചിംഗ്സ് കൊടുക്കാത്തതുമായി ബന്ധ പ്പെട്ട തർക്കത്തിനൊടുവിൽ പുതുക്കാട് ബാറിൽ ജീവനക്കാരന് കുത്തേറ്റു മരിച്ചു. എരുമപ്പെട്ടി നെല്ലുവായ് സ്വദേശി ഹേമചന്ദ്രന് (62) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓടി രക്ഷപ്പെട്ട ആമ്പല്ലൂര് അളഗപ്പ നഗർ സ്വദേശി സിജോയെ (40) പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി.
പുതുക്കാട് മേ ഫെയര് ബാറിലാണു സംഭവം. ഇന്നലെ ഉച്ചയോടെ തുടങ്ങിയ തർക്കം അര്ധരാത്രിയോടെ കൊലപാതകത്തിലെത്തുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണു സംഭവങ്ങളുടെ തുടക്കം. ബാറിൽ മദ്യപിക്കാൻ എത്തിയ സിജോ കൂടുതൽ ടച്ചിംഗ്സ് നൽകാത്തതി ച്ചൊല്ലി കൗണ്ടർ ജീവനക്കാരുമായി തർക്കമുണ്ടായി. ബഹളം വച്ച ഇയാളെ ജീവനക്കാർ ബാറിൽ നിന്നു പുറത്താക്കി. ജീവനക്കാര് പുറത്തിറങ്ങിയാല് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയശേഷമാണു യുവാവ് ബാറില് നിന്ന് ഇറങ്ങിപ്പോയത്.
എന്നാല് ടച്ചിംഗ്സ് തര്ക്കത്തില് കൊല്ലപ്പെട്ട ഹേമചന്ദ്രന് ഇടപെട്ടിരുന്നില്ല. ഇതിനുശേഷം രാത്രി 11 ന് ബാർ അടച്ച സമയം വരെ സിജോ പുറത്ത് ഒളിച്ചിരുന്നുവെന്നാണു കരുതുന്നത്.ബാർ അടച്ചശേഷം സമീപത്തെ തട്ടുകടയില് നിന്നു ചായകുടിച്ച ഹേമചന്ദ്രന് തിരിച്ചു ബാറിലേക്കുകയറുന്നതിനിടയായിരുന്നു സിജോയുടെ ആക്രമണം.
രാത്രി 11.40ന് ബാറിന്റെ ഗേറ്റ് അടയ്ക്കുന്നതിനിടെ ഹേമചന്ദ്രനെ പിന്തുടര്ന്ന യുവാവ് യാതൊരു പ്രകോപനവുമില്ലാതെ കത്തികൊണ്ട് കഴുത്തില് കുത്തിയശേഷം ഓടിപ്പോവുകയായിരുന്നു.
രണ്ടുതവണ കുത്തേറ്റ ഹേമചന്ദ്രനെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിയിലും എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലൊടുവിൽ പുലർച്ച രണ്ടരയോടെ പ്രതി പിടിയിലായി.