ന്യൂഡൽഹി: ഒരു മാധ്യമപ്രവർത്തകന്റെ വാർത്തയോ വീഡിയോയോ പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന പ്രവൃത്തിയാണെന്നു പറയാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ഭാരതീയ ന്യായ സംഹിതയിലെ രാജ്യദ്രോഹക്കുറ്റത്തിനു ചുമത്തുന്ന സെക്ഷൻ 152 പ്രകാരം ഇത്തരം വിഷയങ്ങളിൽ കേസെടുക്കാൻ സാധിക്കില്ലെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഓണ്ലൈൻ വാർത്താ ഏജൻസിയായ”ദ വയറി’ നെതിരേ ആസാം പോലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 152 പ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആർ ചോദ്യംചെയ്തു സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
“ഓപ്പറേഷൻ സിന്ദൂറു’മായി ബന്ധപ്പെട്ട് “ദ വയറി’ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. “രാഷ്ട്രീയനേതൃത്വത്തിന്റെ നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായി’ എന്ന ഇന്തോനേഷ്യയിലെ ഇന്ത്യൻ പ്രതിരോധ അറ്റാഷെയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടായിരുന്നു ലേഖനം.
ലേഖനമെഴുതിയതിന്റെ പേരിൽ അല്ലെങ്കിൽ വീഡിയോകൾ തയാറാക്കുന്നതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കണോയെന്നു വിഷയം പരിശോധിക്കവേ കോടതി ചോദിച്ചു. വാർത്തകൾ അല്ലെങ്കിൽ ലേഖനങ്ങൾ എഴുതുന്നത് നിയമവിരുദ്ധമായി ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതുപോലെയല്ലെന്നു കോടതി നിരീക്ഷിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന കേസുകളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമേ നിർവചിക്കാൻ സാധിക്കൂവെന്നും ജസ്റ്റീസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.
നിലവിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന ഈ വിഷയത്തിൽ വിധി വരുന്നതുവരെ തുടർനടപടി സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷക നിത്യ രാമകൃഷ്ണൻ കോടതിയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ “ദ വയറി’ന്റെ എഡിറ്റർ സിദ്ധാർത്ഥ് വരദരാജനും മറ്റുള്ളവർക്കുമെതിരേയുള്ള അറസ്റ്റ് തടഞ്ഞ കോടതി, നിലവിൽ സുപ്രീംകോടതിയിലെ മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലുള്ള സമാന ഹർജിയുമായി കേസിനെ ബന്ധിപ്പിച്ചു. ബിഎൻഎസ് 152 ദുരുപയോഗം ചെയ്യുന്നതായാണു ഹർജിക്കാർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
സ്വന്തം ലേഖകൻ