
കൊല്ലം : ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഭർത്താവ് സൂരജ് നടത്തിയ സാന്പത്തിക ഇടപാടുകളെക്കുറിച്ചും മറ്റും കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന.
സൂരജ് ഉത്രയുടെ പേരിൽ വൻതുകയ്ക്ക് എൽഐസിയിൽനിന്ന് ഇൻഷ്വറൻസ് പോളിസി എടുത്തായുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻപറഞ്ഞു.
വരുംദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും. സൂരജിന്റെ സാന്പത്തിക ഇടപാട് അന്വേഷിക്കുന്നതിനിടയാണ് ഇൻഷ്വറൻസ് സംബന്ധിച്ച കാര്യം സൂരജ് വെളിപ്പെടുത്തിയതെന്നാണ് സൂചന. ഇന്ന് സൂരജിന്റെ ഓഫീസിലെ ചില സുഹൃത്തുക്കളുടെ മൊഴികൾ കൂടി രേഖപ്പെടുത്തും.
ഇന്നലെ ഉത്രയുടെ വീട്ടില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥന് എ അശോകന്റെ നേതൃത്വത്തില്‍ എത്തിയ ക്രൈംബ്രാഞ്ച് സംഘം പരിശോധനകള്‍ക്കും തെളിവുകള്‍ ശേഖരിക്കുന്നതിനും പുറമേ സഹോദരന് അടക്കമുള്ളവരില്‍ നിന്നും കൂടുതല്‍ മൊഴിയും രേഖപ്പെടുത്തി.്
സൂരജിന്റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ അടക്കമുള്ളവരെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി അശോകന് പറഞ്ഞു. ഒപ്പം തന്നെ സൂരജിനോപ്പം പിടിയിലായ പാമ്പ് പിടിത്തക്കാരന് സുരേഷിന്റെ മകന് അടക്കമുള്ളവരെയും കൂടുതല്‍ ചോദ്യം ചെയ്യും.
അതേസമയം തന്നെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ സൂരജ്, സുരേഷ് എന്നിവരെ ഇന്ന് ഉച്ചകഴിഞ്ഞ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കും.
സാഹചര്യ തെളിവുകള്‍ മാത്രം ഉള്ളതിനാലും, കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമായതിനാലും പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു.
കൊലക്കേസില്‍ പ്രതികള്‍ പിടിയിലായെങ്കിലും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം സൂരജ്, മാതാപിതാക്കള്‍ സഹോദരിയടക്കമുള്ളവര്ക്കെതിരെ കേസെടുത്തു അന്വേഷണം നടത്തണമെന്നും, അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കണം എന്നും സംസ്ഥാന വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട എസ്പിയോടാണ് കമ്മീഷന് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ വനിതാ കമ്മീഷന്റെ നിരീക്ഷണം ഉണ്ടാകുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു