തൃശൂര്‍: എയിംസ് തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കമ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി.
തൃശൂരിന്റെ വികസനം ലക്ഷ്യമിട്ടുള്ള ‘എസ്ജി കോഫി ടൈംസ്’ എന്ന പേരിലുള്ള പുതിയ ചര്‍ച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. രാഷ്ട്രീയവും പ്രാദേശികതയുമല്ല താൻ ഇക്കാര്യത്തിൽ കാണുന്നത്. ആലപ്പുഴയിൽ എയിംസ് വരാൻ തൃശൂരുകാര് പ്രാര്‍ഥിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുമ്പ് തന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്നാണ് പറഞ്ഞത്. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണെന്നും ഒരിക്കലും വാക്കുമാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
മെട്രോ റെയിൽ സര്‍വീസ് തൃശൂരിലേക്ക് വരുമെന്നും താൻ പറഞ്ഞിട്ടില്ല. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത്. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.

