സോപ്പുപൊടിയുടെ പരസ്യത്തെ പോലും വെറുതെ വിടില്ല! പരസ്യത്തിനും കമ്പനിയ്ക്കുമെതിരെ വര്‍ഗീയവാദികളുടെ കടന്നാക്രമണം; ട്രോളുകളിലൂടെ പ്രതിരോധവുമായി സോഷ്യല്‍മീഡിയ

ഒരു സോപ്പുപൊടിയുടെ പരസ്യത്തെപ്പോലും വെറുതെ വിടാതെയാണ് വര്‍ഗീയവാദികള്‍ ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍ഫ് എക്‌സല്‍ എന്ന ഡിറ്റര്‍ഡന്റിന്റെ മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന പരസ്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

കമ്പനി പ്രതീക്ഷിച്ചതിലും വലിയ രീതിയിലുള്ള പ്രചരണമാണ് പരസ്യത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. കമ്പനിയുടെ പുതിയ പരസ്യത്തിനെതിരെ വര്‍ഗീയവാദികള്‍ രംഗത്തെത്തിയതോടെയാണ് സോഷ്യല്‍ ലോകത്ത് ഈ പരസ്യവിഡിയോ വൈറലായത്.

പരസ്യ ചിത്രത്തിലെ ആശയമാണ് പ്രതിഷേധത്തിന് കാരണം. മതസൗഹാര്‍ദത്തിന്റെ മികച്ച ആശയം പകരുന്ന രീതിയാണ് പരസ്യം തയാറാക്കിയിരിക്കുന്നത്. എന്നാല്‍ ഹിന്ദു ആഘോഷങ്ങളില്‍ ഒന്നായ ഹോളിയെ അവഹേളിക്കുന്നതാണെന്നും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപിച്ച് ചിലര്‍ രംഗത്തെതിയതോടെ പരസ്യം വിവാദമായിരിക്കുകയാണ്.

ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ സൈക്കിളിലെത്തുന്ന പെണ്‍കുട്ടിയെ ആ പ്രദേശത്തുള്ള കുട്ടികള്‍ നിറങ്ങള്‍ വാരിയെറിയുന്നു. കൂട്ടുകാരുടെ പക്കലുള്ള എല്ലാ നിറങ്ങളും തീര്‍ന്നശേഷം കൂട്ടുകാരനായ മുസ്‌ലിം സുഹൃത്തിനെ പെണ്‍കുട്ടി പുറത്തിറങ്ങിവരാന്‍ വിളിക്കുകയും ചെയ്യുന്നു.

വെള്ള വസ്ത്രമിട്ടുവരുന്ന സുഹൃത്തിനെ സൈക്കിളിന്റെ പിന്നിലിരുത്തി നിസ്‌കരിക്കാനായി പള്ളിയില്‍ എത്തിച്ച് മടങ്ങുന്നതാണ് പരസ്യത്തിന്റെ കഥ. എന്നാല്‍ പരസ്യം പുറത്തുവന്നതോടെ വര്‍ഗീയവാദികള്‍ ഇത് വിവാദമാക്കുകായായിരുന്നു.

പരസ്യവും ഉല്‍പ്പന്നവും ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ ക്യാംപെയിനും ആരംഭിച്ചു. എന്നാല്‍ കമ്പനിക്കും പരസ്യത്തിനും ശക്തമായ പിന്തുണയുമായി വലിയൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. പലരും വര്‍ഗീയവാദികള്‍ക്കെതിരെ ട്രോളുകളും ഇറക്കുന്നുണ്ട്.

Related posts