വെള്ളത്തിനടിയില്‍ വെച്ച് സംഭവിച്ച കാര്യമായതിനാല്‍ ഞങ്ങള്‍ക്ക് നടപടി എടുക്കാന്‍ കഴിയില്ല ! സര്‍ഫിംഗ് പരിശീലകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ എത്തിയ വിനോദസഞ്ചാരിയായ വനിതയോട് പോലീസ് പറഞ്ഞത് ഇങ്ങനെ…

സര്‍ഫിംഗ് പരിശീലകനില്‍ നിന്ന് ലൈംഗിക അതിക്രമത്തിന് ഇരയായതിനെത്തുടര്‍ന്ന് പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയ വിനോദ സഞ്ചാരിയോട് കേസെടുക്കാനാവില്ലെന്ന് അറിയിച്ച് വര്‍ക്കല പോലീസ്. വിനോദ സഞ്ചാരിയുടെ പരാതിയില്‍ കേസെടുത്തില്ലെന്നും മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തി അപമാനിച്ചെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനമുണ്ടെന്ന കാര്യം പറഞ്ഞാണ് കേസെടുക്കാതിരുന്നത്. മണിക്കൂറുകള്‍ പൊലീസ് സ്റ്റേഷനില്‍ കാത്തുനിന്നിട്ടും ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ ഉണ്ടെന്ന കാരണം പറഞ്ഞ് പരാതി ഒതുക്കിത്തീര്‍ക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് മുംബൈ സ്വദേശിയായ യുവതി പറയുന്നു. നിര്‍ഭയ ദിനവുമായി ബന്ധപ്പെട്ട് പൊതുവിടങ്ങള്‍ സ്ത്രീകളുടേത് കൂടിയാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ തന്നെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കേസെടുക്കാന്‍ പൊലീസ് തയാറാവാത്തത്.

വര്‍ക്കല ബീച്ചില്‍ സര്‍ഫിംഗ് പരിശീലനത്തിനിടെ പരിശീലകന്‍ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഉച്ചയ്ക്ക് നടന്ന സംഭവത്തിനു ശേഷം ഉടന്‍ തന്നെ പരാതിയുമായി വര്‍ക്കല പൊലീസ് സ്റ്റേഷനിലെത്തി. പരാതി എഴുതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും നാലു മണിക്കൂറിലധികം കാത്ത് നിന്നിട്ടും കേസെടുക്കാന്‍ തയാറായില്ല. അയാള്‍ക്ക് ഭാര്യയും കുട്ടികളും ഉള്ളതിനാല്‍ കേസ് ഒത്തുതീര്‍പ്പ് ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും യുവതി പറയുന്നു.

വൈസ് പ്രസിഡന്റിന്റെ സന്ദര്‍ശനമുള്ളതിനാല്‍ തിരക്കുണ്ടെന്ന് പൊലീസ് ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് യുവതി മടങ്ങിപ്പോകുകയായിരുന്നു. അതിനടുത്ത ദിവസം വീണ്ടും പരാതിയുമായി ചെന്ന യുവതിയോട് ‘വെള്ളത്തിനിടയില്‍ വച്ച് സംഭവിച്ച കാര്യമായതിനാല്‍ ഞങ്ങള്‍ക്ക് നടപടി എടുക്കാന്‍ കഴിയില്ലെന്നും തീരദേശ പൊലീസിനോട് പരാതിപ്പെടണം’ എന്നുമുള്ള മറുപടിയാണ് പോലീസ് നല്‍കിയത്. രണ്ട് മണിക്കൂറിലധികം കാത്തുനിന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി കൈമാറാനുള്ള സഹായം പോലും ഉണ്ടായില്ലെന്നും കേരളത്തില്‍ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടായത് ദുഖകരമാണെന്നും യുവതി പറയുന്നു.

Related posts