ഓൺലൈനിൽ ഫുഡ് ഓർഡർ ചെയ്യാത്തവർ ചുരുക്കമാണ്. സമയക്കുറവ് മൂലം ഭക്ഷണം ഉണ്ടാക്കാൻ സാധിക്കാതെ വരുന്ന സമയത്ത് ഓൺലൈൻ ഡെലിവറി നമുക്ക് വലിയൊരു ആശ്വാസമാണ്. എന്നാൽ ചില സമയങ്ങളിൽ ഇത്തരം ഓർഡറുകൾ ചെയ്ത് ഭക്ഷണം വാങ്ങുന്പോൾ അതിന്റേതായ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. കടയിൽപ്പോയി വാങ്ങുന്നതിനേക്കാൾ ഇരട്ടി പണം ചിലപ്പോൾ ഇതിനു വേണ്ടി ആകാറുമുണ്ട്. അത്തരത്തിലൊരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
റെസ്റ്റോറന്റിൽ പോയി നേരിട്ട് ഭക്ഷണം വാങ്ങുന്നതിനേക്കാൾ 81% വില കൂട്ടിയാണ് സ്വിഗ്ഗിയിൽ ഭക്ഷണം വിൽക്കുന്നത് എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവാവ്. സുന്ദർ എന്ന യൂസറാണ് എക്സിൽ ഇതിന്റെ രണ്ട് ബില്ലുകളും വിശദമായി താരതമ്യം ചെയ്തുകൊണ്ട് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
നേരിട്ട് പോയി വാങ്ങുന്നതിനേക്കാൾ എന്തുകൊണ്ടാണ് 81% ആപ്പിൽ ഭക്ഷണം ഓർഡർ ചെയ്യുന്പോൾ ഈടാക്കുന്നത് എന്നാണ് യുവാവ് ചോദിക്കുന്നത്. ഭക്ഷണം എത്തിക്കാൻ താൻ നൽകേണ്ടുന്ന അധിക തുക 663 രൂപയാണ്, ഇതിനെ കുറിച്ച് സ്വിഗ്ഗി ദയവായി വിശദീകരിച്ചാലും എന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്.
യുവാവിന്റെ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഇയാളെ അനുകൂലിച്ചും വിമർശിച്ചും ആളുകൾ കമന്റ് ചെയ്തു. വീട്ടിലെ ഭക്ഷണം കഴിച്ചാൽ ഇതിന്റെയൊക്കെ വല്ല കുഴപ്പവും ഉണ്ടാകുമോ എന്നാണ് ഒരു കൂട്ടരുടെ ചോദ്യമെങ്കിൽ ഇത് ഒരു കഴുത്തറുപ്പൻ റേറ്റ് ആണ് ഓൺലൈനിലെന്നാണ് മറ്റൊരു കൂട്ടർ പറഞ്ഞത്.