പുലിപ്പേടിയില്‍ അള്ളുങ്കല്‍ നിവാസികള്‍; പട്ടാപ്പകല്‍ നാട്ടിലിറങ്ങിയ പുലി വളര്‍ത്തുനായയെ കടിച്ചു കൊന്നു

സീതത്തോട്: അള്ളുങ്കലില്‍ പട്ടാപ്പകല്‍ പുലിയിറങ്ങി തുടലില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തു നായയെ കടിച്ചു കൊന്നു. അള്ളുങ്കല്‍ പുത്തന്‍വീട്ടില്‍ മറിയാമ്മ ജോസഫിന്റെ വളര്‍ത്തുനായയെയാണ് പുലി കൊന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. രാജാമ്പാറ ഫോറസ്റ്റ് പരിധിയില്‍പ്പെട്ട അള്ളുങ്കല്‍ വനത്തിനോടു ചേര്‍ന്ന പറമ്പിലാണ് പുലിയിറങ്ങിയത്. തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയുടെ വയറിന്റെ ഭാഗത്തെ മാംസം പുലി കടിച്ചു പറിച്ചു. വീട്ടു മുറ്റത്തും പറമ്പിലും പുലിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ ഇവര്‍ വനസംരക്ഷണ സമിതി സെക്രട്ടറിയെ അറിയിച്ചു. രാജാമ്പാറ ഫോറസ്റ്റ് സ്‌റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.കെ ഷാജിയുടെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. നായയെ കൊന്നത് പുലി തന്നെയാണെന്നും ഇവിടെ കാണുന്ന കാല്‍പ്പാടുകളും പുലിയുടെ തന്നെയാണെന്നും വനപാലകര്‍ പറഞ്ഞു. പുലിക്കൂട് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനപാലകര്‍. അള്ളുങ്കല്‍ പ്രദേശത്ത് ആദ്യമായാണ് പുലിയുടെ ആക്രമണം ഉണ്ടാവുന്നത്.

Read More