വേണ്ട വണ്ടി കൊടുക്കണ്ട ! ആര്‍എക്‌സ് 100 വിറ്റിട്ട് ബുള്ളറ്റ് വാങ്ങാമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ബൈക്കില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് കൊച്ചു പെണ്‍കുട്ടി; വീഡിയോ വൈറലാകുന്നു…

കൊച്ചി: വീട്ടിലുള്ള ഓരോ വസ്തുക്കളോടും മുതിര്‍ന്നവര്‍ സൂക്ഷിക്കുന്നതിനേക്കാള്‍ ആത്മബന്ധം സൂക്ഷിക്കുന്നവരാണ് വീട്ടിലെ കൊച്ചുകുട്ടികള്‍. വാഹനത്തിന്റെ കാര്യത്തിലാവുമ്പോള്‍ ആ അടുപ്പം അല്‍പ്പം കൂടും. ബൈക്ക് ശ്രേണിയിലെ തമ്പുരാനായ ആര്‍എക്സ് 100 മാറ്റി വാങ്ങി ബുള്ളറ്റ് വാങ്ങാമെന്ന് പറയുന്ന അച്ഛന്റെ മുന്നില്‍ കുരുന്ന് കരയുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്. ബൈക്ക് സ്‌നേഹികളുടെയെല്ലാം ഉള്ളുപൊള്ളിക്കുന്നതാണ് കുരുന്നിന്റെ കരച്ചില്‍. പഴയ ബൈക്കില്‍ കെട്ടിപ്പിടിച്ച് പൊട്ടികരയുന്ന കുരുന്നിനോട് പുതിയ ബുള്ളറ്റ് വാങ്ങാമെന്ന് അച്ഛന്‍ പറയുമ്പോള്‍ ആ വൃത്തികെട്ട വണ്ടി വേണ്ടെന്നും നിറ കണ്ണുകളോടെ പറയുന്നു. കാണുന്നവരുടെ നെഞ്ചിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലും പങ്കുവച്ചിട്ടുണ്ട്. അച്ഛനെ പിന്തിരിപ്പിക്കാന്‍ കുരുന്ന് പെടാപ്പാട് പെടുകയായിരുന്നു.രാപകലില്ലാതെ അച്ഛന്‍ കഷ്ടപ്പെട്ട് നന്നാക്കിയ വണ്ടി എന്തിനാണ് വില്‍ക്കുന്നതെന്ന് കുട്ടി ചോദിക്കുമ്പോള്‍ വിറ്റാലേ കാശുകിട്ടൂ എന്നും ബുള്ളറ്റ് വാങ്ങാമെന്നുമാണ് അച്ഛന്റെ മറുപടി. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുന്നത്.

Read More