പത്തനംതിട്ട: ചെയ്ത ജോലിക്കു ശന്പളം കിട്ടാതെ ദിവസ വേതന അധ്യാപകർ. പുതിയ അധ്യയന വർഷം ആരംഭിച്ച് മൂന്നു മാസം കഴിഞ്ഞപ്പോഴും അധ്യാപകർക്കു ശന്പളം ലഭിച്ചിട്ടില്ല. താത്കാലികാടിസ്ഥാനത്തിൽ നിയമനം ലഭിച്ച അധ്യാപകരാണ് ശന്പളത്തിനുവേണ്ടി കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും ഇവരുടെ ശന്പളം ലഭിച്ചത് ഡിസംബറിനു ശേഷമാണ്.
ഓരോ ഉപജില്ലയിലും ദിവസ വേതന അധ്യാപകരുടെ ബില്ലുകൾ പാസാക്കുന്നതിൽ ഓഫീസുകളുടെ താത്പര്യപ്രകാരമാണ്. നിയമനം അംഗീകരിച്ചു കഴിഞ്ഞാൽ ബില്ലുകൾ വേഗത്തിൽ പാസാക്കാനാകും. എന്നാൽ, നടപടിക്രമങ്ങളിലെ കാലതാമസമാണ് ശന്പളം വൈകാൻ കാരണമാകുന്നത്.
ഫയൽ ഇഴയുന്നു
സ്ഥിരനിയമനം തടഞ്ഞിട്ടുള്ള എയ്ഡഡ് വിദ്യാലയങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം ലഭിച്ച അധ്യാപകരുടെ വേതനമാണ് തടയപ്പെട്ടതിലേറെയും. ഇവരുടെ തസ്തിക അംഗീകരിച്ചു നൽകാൻ വിദ്യാഭ്യാസ ഓഫീസുകളിൽ കാലതാമസമെടുക്കുകയാണ്. ഇത്തണ ഓണത്തിനു മുന്പ് ശന്പളം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓഫീസ് നടപടികൾ നീങ്ങിയില്ല. എന്നാൽ, സർക്കാർ മേഖലയിലെ താത്കാലിക അധ്യാപകരിൽ നല്ലൊരു പങ്കും ശന്പളം വാങ്ങുകയും ചെയ്തു.
എയ്ഡഡ് മേഖലയിൽ നൂറു കണക്കിന് അധ്യാപകരാണ് താത്കാലികാടിസ്ഥാനത്തിൽ സ്കൂളുകളിൽ ജോലി ചെയ്യുന്നത്. വർഷങ്ങളായി ഒരേ സ്കൂളിൽ ജോലിയെടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. മാർച്ച് 31 വരെയാണ് ഇവരുടെ നിയമനം എല്ലാവർഷവും അംഗീകരിച്ചു നൽകുന്നത്. അടുത്ത അധ്യയനവർഷത്തിൽ പുതിയ നിയമനമായിരിക്കും.
ശന്പളവും മറ്റ് ആനുകൂല്യങ്ങളും നൽകി സ്ഥിരം അധ്യാപകരെ നിയമിച്ചിരുന്ന തസ്തികകളിലാണ് പലേടത്തും ദിവസ വേതനത്തിന് അധ്യാപകരെ നിയമിച്ചിട്ടുള്ളത്.എയ്ഡഡ് സ്കൂളുകളിൽ നേരത്തെ നിയമനം ലഭിച്ച അധ്യാപകരും അംഗീകാരത്തിനു വേണ്ടി കാത്തിരിക്കുകയാണ്. വർഷങ്ങളായി ശന്പളം ലഭിക്കാത്തവരാണ് ഈ അധ്യാപകർ.