നമ്മുടെ മനസ് വേദനിപ്പിച്ചവരെ മരണം വരെ ഓർത്തിരിക്കുമെന്നല്ലേ പറയുന്നത്. ചിലർ അവരോട് പ്രതികാരം ചെയ്യും മറ്റു ചിലർ ക്ഷമിച്ചും സഹിച്ചും നിൽക്കുകയും ചെയ്യും. നമ്മെ വേദനിപ്പിച്ചവർ നമുക്ക് വേണ്ടപ്പെട്ടവരോ സുഹൃത്തുക്കളോ അല്ലെങ്കിൽ നമ്മുടെ അധ്യാപകരോ ഒക്കെയാവാം. ഇപ്പോഴിതാ തന്നെ കരയിക്കുന്നവർക്ക് നല്കാൻ വ്യത്യസ്തമായ ഒരു മറുപടിയുമായി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ ആർട്ടിസ്റ്റ്. അതെന്താണെന്നല്ലേ? അതൊരു തോക്കാണ്.
അവളെ കരയിക്കുന്നവർക്കുള്ള ചുട്ട മറുപടി ആ തോക്കിലുണ്ട്. തായ്വാനിൽ നിന്നുള്ള യി ഫീ ചെൻ എന്ന ആർട്ടിസ്റ്റാണ് ഗിയർ ഗൺ ഉണ്ടാക്കിയത്. അവൾ കരയുന്പോൾ കണ്ണുനീർ ഫ്രീസ് ചെയ്യും, പിന്നീട് അത് ബുള്ളറ്റ് പോലെ പ്രവർത്തിച്ച് തോക്കിൽ നിന്നും പുറത്ത് വരും.
ചെന്നിന്റെ ഒരു അധ്യാപകൻ തന്നെയാണ് ഈ തോക്ക് നിർമ്മിക്കാൻ കാരണക്കാരൻ എന്നാണ് അവൾ പറയുന്നത്. ഒരിക്കൽ അധ്യാപകനും ചെന്നും തമ്മിൽ വിയോജിപ്പുകളുണ്ടായി. വളരെ പരുഷമായിട്ടാണ് അധ്യാപകൻ അന്ന് അവളോട് പെരുമാറിയത്. അദ്ദേഹത്തിന്റെ പെരുമാറ്റം അവളെ മാനസികമായി തളർത്തി. അധ്യാപകൻ ആയതുകൊണ്ട് മാത്രം അവൾ മറുത്ത് ഒരക്ഷരം പറഞ്ഞില്ല. വിദ്യ പകർന്നു തരുന്ന ഗുരു അല്ലേ, ഒന്നും പറയരുതല്ലോ എന്നതുകൊണ്ട് അവൾ അതെല്ലാം സഹിച്ചു.
പിന്നീട് അവൾ നെതർലാൻഡിലേക്ക് ഉപരി പഠനത്തിനായി പോയി. അവിടെവച്ച് തന്റെ ബിരുദത്തിനുള്ള പ്രൊജക്ടായി അവൾ ഈ വ്യത്യസ്തമായ തോക്ക് നിർമ്മിച്ചത്. ഇത് നമ്മുടെ കണ്ണുനീർ ഫ്രീസ് ചെയ്ത് ബുള്ളറ്റ് പോലെ പ്രവർത്തിക്കുകയാണ് ചെയ്യുക.
ചെന്നിന്റെ കണ്ടുപിടിത്തത്തെകുറിച്ച് മേൽപ്പറഞ്ഞ അവളുടെ അധ്യാപകൻ അറിഞ്ഞു. അദ്ദേഹം ഇതറിഞ്ഞ് അവളെ അഭിനന്ദിച്ചു. അവൾ നിർമ്മിച്ച തോക്ക് അദ്ദേഹത്തിന് ഇഷ്ടമായി. എന്തായാലും, തോക്കിനെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ പലർക്കും ഇത് ഇഷ്ടമായി.
പലപ്പോഴും നമ്മുടെ കണ്ണീരിന് കാരണക്കാരായവരോട് ഒന്നും പറയാൻ സാധിക്കാതെ നിൽക്കുന്ന അവസ്ഥ വരാറുണ്ട്. ആ സമയത്ത് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ഉപകരിക്കും ഈ തോക്ക് എന്നായിരുന്നു പലരുടേയും അഭിപ്രായം.