
തലശേരി: രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിൽ ചരക്ക് ലോറിയിടിച്ച് രോഗി മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 6.45 ന് തലശേരി കോ-ഓപ്പറേറ്റീവ് ജംഗ്ഷന് സമീപമാണ് അപകടം.
പാനൂർ മൊകേരി ഈസ്റ്റ് വള്ള്യായിയിലെ മുതിര കല്ലായി ഹൗസിൽ യശോദ(65)യാണ് മരണമടഞ്ഞത്.
യശോദയുടെ മക്കളായ വിജേഷ് (36), വിജിന (36), കണ്ണൂർ എകെജി ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ അരയാൽ മൊട്ടമാക്കണ്ടം വീട്ടിൽ ഷിജിൻ (29), ലോറി ഡ്രൈവർ തമിഴ്നാട് നാമക്കൽ സ്വദേശി രമേശൻ (38) എന്നിവരെ പരിക്കുകളോടെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എകെജി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വൃക്കരോഗിയായ യശോദയെ രോഗം ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോ കവെയാണ് അപകടം നടന്നത്. നാമക്കലിൽ നിന്നു മുട്ടയുമായി കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽ പെട്ടത്.
ബാബുരാജാണ് യശോദയുടെ ഭർത്താവ്. വിക്രമനാണ് മറ്റൊരു മകൻ.