ശബരിമല: മണ്ഡലകാലത്തിനു സമാപനം കുറിച്ച് ശബരിമലയില്‍ 27നു മണ്ഡലപൂജ നടക്കും. 26നു തങ്കഅങ്കി ചാര്‍ത്തി ദീപാരാധനയും 27നു മണ്ഡലപൂജയും കഴിഞ്ഞ് നട അടയ്ക്കും.പിന്നീട് മകരവിളക്ക് മഹോത്സവത്തിന് 30നു വൈകുന്നേരമേ നട തുറക്കുകയുള്ളൂ.
27നു രാവിലെ 10.30നും 11.30നും മധ്യേയാണ് മണ്ഡലപൂജ.നാളെ ആറന്മുളയില് നിന്നു പുറപ്പെടുന്ന തങ്ക അങ്കി 26ന് ഉച്ചയോടെ പമ്പയിലും അവിടെനിന്ന് വൈകുന്നേരത്തോടെ സന്നിധാനത്തുമെത്തും.
തങ്ക അങ്കി ഘോഷയാത്ര നാളെ
ആറന്മുള: തങ്ക അങ്കി ഘോഷയാത്ര നാളെ രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിക്കും. പുലര്‍ച്ചെ അഞ്ചു മുതല്‍ ഏഴുവരെ ഭക്തജനങ്ങള്‍ക്ക് തങ്ക അങ്കി ദര്‍ശിക്കാനുള്ള സൗകര്യം ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
പ്രത്യേകം തയാറാക്കിയ രഥത്തിലേക്ക് എഴുന്നള്ളിക്കുന്ന തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര, കോഴഞ്ചേരി, ഇലന്തൂര്‍ മെഴുവേലി, പ്രക്കാനം തുടങ്ങി 28 സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി മഹാക്ഷേത്ര സന്നിധിയില്‍ നാളെ രാത്രി എത്തി വിശ്രമിക്കും.
രണ്ടാം ദിവസം രാവിലെ എട്ടിന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയ്ക്ക് കൊടുന്തറ, അഴൂര്‍, പത്തനംതിട്ട കടമ്മനിട്ട, കോട്ടപ്പാറ, മൈലപ്ര, കുമ്പഴ, വെട്ടൂര്‍, ഉള്‍പ്പെടെ 22 സ്ഥലങ്ങളിലാണ് സ്വീകരണം നല്‍കുക. കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ രാത്രി വിശ്രമത്തിന് ശേഷം മൂന്നാം ദിവസമായ 25ന് രാവിലെ 7 .30ന് ക്ഷേത്രസന്നിധിയില്‍ നിന്നു പുറപ്പെട്ട് ചിറ്റൂര്‍, മലയാലപ്പുഴ, റാന്നി, വടശേരിക്കര വഴി പെരുനാട് ശാസ്താക്ഷേത്രത്തിലെത്തി വിശ്രമിക്കും.
രാവിലെ പുറപ്പെട്ട് ഘോഷയാത്ര ളാഹ, പ്ലാപ്പള്ളി നിലയ്ക്കല്‍, ചാലക്കയം, വഴി ഉച്ചയ്ക്ക് 1 .30ന് പമ്പയില്‍ എത്തിച്ചേരും. വിശ്രമത്തിന് ശേഷം മൂന്നിന് അവിടെനിന്ന് പുറപ്പെട്ട് അഞ്ചുമണിക്ക് ശരംകുത്തിയില്‍ എത്തുന്ന ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് ജീവനക്കാരും ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തുടര്‍ന്ന് തങ്കയങ്കി ചാര്‍ത്തി ദീപാരാധന.
കോഴഞ്ചേരി തങ്കപ്പന് ആചാരിയുടെ മകനാണ് രഥം തെളിയിക്കാനുള്ള നിയോഗം. പതിനെട്ടാം പടിയും കൊടിമരവും ശ്രീകോവിലും ഉള്‍പ്പെടെ ശബരിമല ക്ഷേത്രത്തിന്റെ ആകൃതിയില്‍ ഒരുക്കിയ രഥമാണ് ഘോഷയാത്രയ്ക്ക് ഉപയോഗിക്കുന്നത്.
കര്‍പ്പൂരാഴി ഘോഷയാത്ര നാളെ
ശബരിമല: മണ്ഡലപൂജയ്ക്കു മുന്നോടിയായി ശബരിമല സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കര്‍പ്പൂരദീപ ഘോഷയാത്ര നാളെ വൈകുന്നേരം 6.30ന് സന്ധ്യാ ദീപാരാധനയ്ക്കുശേഷം നടക്കും.