ലില്ലിപ്പൂക്കളായിരുന്നു അവള്‍ക്കേറ്റവും പ്രിയപ്പെട്ടത് ! 56 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേദിവസമാണ് ജമ്മുകാശ്മീരില്‍ അവള്‍ ജനിച്ചത്; സുനന്ദ പുഷ്‌കറിന്റെ ജന്മദിനത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് ശശി തരൂര്‍…

അഞ്ചു വര്‍ഷം മുമ്പ് മരിച്ച ഭാര്യ സുനന്ദ പുഷ്‌കറിന്റെ 56-ാം ജന്മദിനത്തില്‍ അവരുടെ ഓര്‍മകള്‍ പങ്കുവച്ച് ശശി തരൂര്‍ എംപി. സുനന്ദയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ലില്ലിപൂക്കള്‍ സമര്‍പ്പിച്ചാണ് ശശി തരൂരിന്റെ കുറിപ്പ്. ‘സുനന്ദയെക്കുറിച്ച് ഓര്‍മിക്കുകയാണ്. 56 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇതേ ദിവസമാണ് ജമ്മുകാശ്മീരിലെ സോപോറില്‍ അവള്‍ ജനിച്ചത്. ലില്ലിപ്പൂക്കളായിരുന്നു അവള്‍ക്കേറ്റവും പ്രിയപ്പെട്ടത്, കുറച്ച് പൂക്കള്‍ ഒരു സുഹൃത്ത് ഇന്ന് രാവിലെ അയച്ചുതന്നു’ സുനന്ദ പുഷ്‌കറിന്റെ ചിത്രത്തിന് മുന്നില്‍ ആ ലില്ലിപ്പൂക്കള്‍ സമര്‍പ്പിച്ചുകൊണ്ട് ശശിതരൂര്‍ കുറിച്ചു.

2010 ഓഗസ്റ്റിലായിരുന്നു സുനന്ദയും ശശി തരൂരും തമ്മിലുള്ള വിവാഹം. 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറെ ഡല്‍ഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയില്‍ ആദ്യം കണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാര്‍ അന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അല്‍പ്രാക്സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോ.സുധീര്‍ ഗുപ്ത ആദ്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, അല്‍പ്രാക്സിന്റെ സാന്നിധ്യം സുനന്ദയുടെ ഉള്ളില്‍ കണ്ടെത്താതിരുന്നത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെക്കുറിച്ചും സംശയത്തിന് ഇടയാക്കി.

റിപ്പോര്‍ട്ട് കെട്ടിച്ചമയ്ക്കാന്‍ തന്റെ മേല്‍ സമ്മര്‍ദമുണ്ടായെന്ന് ഡോ.ഗുപ്ത പിന്നീട് ആരോപിച്ചു. എയിംസ് ഓട്ടോപ്‌സി വിഭാഗം നടത്തിയ പരിശോധനയില്‍ കാരണം കണ്ടുപിടിക്കാന്‍ കഴിയാതെ വന്നതോടെ യുഎസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) സഹായം തേടി. അസ്വാഭാവികമരണം ആണെന്നു കണ്ടെത്തിയ എഫ്ബിഐ റേഡിയോ ആക്ടീവ് വിഷം പ്രയോഗിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂര്‍ ഉള്‍പ്പെടെ ഏഴുപേരെ ചോദ്യംചെയ്തിരുന്നു.

അതില്‍ ആറുപേരെ പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയരാക്കി. മരണത്തിനു മുമ്പു സുനന്ദയുടെ മൊബൈല്‍ ഫോണില്‍ വന്ന കോളുകളും അവര്‍ നടത്തിയ ചാറ്റിങ്ങും വിശകലനം ചെയ്തിരുന്നു. അതേസമയം മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഐപിസി 306, 498 എ വകുപ്പുകള്‍ ശശി തരൂരിനെതിരെ ചുമത്തിയിരുന്നു. ജമ്മു കശ്മീരിലെ ബോമൈ സ്വദേശിനിയായ സുനന്ദ കരസേനയില്‍ ലഫ്.കേണലായിരുന്ന പുഷ്‌കര്‍ദാസ് നാഥിന്റെയും പരേതയായ ജയാ ദാസിന്റെയും പുത്രിയാണ്. കശ്മീരിയായ സഞ്ജയ് റെയ്നയെയായിരുന്നു ആദ്യ ഭര്‍ത്താവ്. വിവാഹമോചനം നേടി പിന്നീട് മലയാളി വ്യവസായി സുജിത് മേനോനെ വിവാഹം കഴിച്ചു.

അദ്ദേഹം കാറപകടത്തില്‍ മരിക്കുകയായിരുന്നു. 2010 ആഗസ്റ്റില്‍ സുനന്ദയെ കേന്ദ്ര മന്ത്രിയായ ശശി തരൂര്‍ വിവാഹം ചെയ്തു. ഇരുവരുടെയും മൂന്നാംവിവാഹമായിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരിക്കെ ശശി തരൂര്‍ ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ കൊച്ചിന്‍ ടസ്‌കേഴ്‌സ് എന്ന പേരില്‍ ഒരു ടീമുണ്ടാക്കിയത് സുനന്ദ പുഷ്‌കര്‍ക്ക് വലിയ ഓഹരി വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു. കൊച്ചി ഐ.പി.എല്‍. ടീമില്‍ സുനന്ദയ്ക്ക് അനധികൃതമായി 70 കോടിയുടെ ഓഹരി നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്ന് 2010-ല്‍ തരൂരിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു.

ശശി തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പ്രണയ സന്ദേശങ്ങള്‍ സംബന്ധിച്ച് സുനന്ദയുടെ ട്വീറ്റുകള്‍ വിവാദമായി. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് തരൂര്‍ സന്ദേശമിട്ടെങ്കിലും ഹാക്ക് ചെയ്തതല്ലെന്നും പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂര്‍ പ്രണയത്തിലാണെന്നും താന്‍ വിവാഹ മോചനം നടത്തുമെന്നും പറഞ്ഞ് സുനന്ദ രംഗത്തുവന്നു. പിന്നീട് തങ്ങള്‍ സന്തുഷ്ടരാണെന്നും വിവാഹമോചനമില്ലെന്നും അറിയിച്ച് ഇരുവരും പ്രസ്താവനയുമിറക്കി. ഇതിനു പിന്നാലെയായിരുന്നു സുനന്ദയുടെ മരണം.

Related posts