സത്യമോ മിഥ്യയോ ? ബി നിലവറ തുറക്കുന്നത് തിരുവനന്തപുരം ജില്ലയെ വെള്ളത്തിലാക്കും; കേരളം നശിക്കുമെന്നും അഭിപ്രായം; ബി നിലവറയുടെ വിചിത്ര രീതിയിലുള്ള നിര്‍മാണം ഇങ്ങനെ…

രണ്ടു ലക്ഷം കോടിയിലധികം മൂല്യം വരുന്ന സ്വര്‍ണശേഖരമുണ്ടെന്ന് കണ്ടെത്തിയതു മുതല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാണ്. കനത്ത സുരക്ഷയാണ് ശ്രീപദ്മനാഭക്ഷേത്രത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ക്ഷേത്രത്തിന്റെ ഭരണാവകാശം രാജകുടുംബത്തിന് നല്‍കിക്കൊണ്ടുള്ള സുപ്രിം കോടതി വിധി വന്നതോടെ ക്ഷേത്രം വീണ്ടും ചര്‍ച്ചകളിലേക്കെത്തിയിരിക്കുകയാണ്. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011 ജനുവരി 31ലെ ഹൈക്കോടതി വിധിയ്ക്ക്‌ക്കെതിരേ രാജകുടുംബം നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് യു.യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ വിധി.

രാജ്യാതിര്‍ത്തിയായ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രാജ്യസുരക്ഷയുമായി ഇഴചേര്‍ന്നു കിടക്കുന്ന കാര്യമാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയും. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ മേല്‍നോട്ടവും ക്ഷേത്രത്തിനുണ്ട്. എന്നാല്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബിനിലവറ തുറന്നാല്‍ തിരുവനന്തപുരം ജില്ല പൂര്‍ണമായും വെള്ളത്തിലാകുമെന്ന് ചരിത്ര രേഖ സൂചിപ്പിക്കുന്നുവെന്ന് പറയുന്ന വാദങ്ങള്‍ ഉയരുന്നതോടെ ആളുകള്‍ രണ്ടു തട്ടിലായിരിക്കുകയാണ്.

ബി നിലവറയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ ഇങ്ങനെ…

തിരുവതാംകൂര്‍ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളതെന്ന് പറയപ്പെടുന്നു. ഈ രേഖകളും രാജകുടുംബം സുപ്രിംകോടതിയ്ക്കു മുമ്പില്‍ സമര്‍പ്പിച്ചിരുന്നുവെന്നാണ് സൂചന. മുമ്പ് ഒരു തവണ നിലവറ തുറക്കാന്‍ ശ്രമം നടത്തിയപ്പോള്‍, തിരുവനന്തപുരം നഗരം ആറു മാസത്തോളം വെള്ളത്തിലായിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. ബി നിലവറയിലെ ഒരു അറ തുറക്കുന്നത് ശംഖുമുഖം കടപ്പുറത്തേയ്ക്കാണെന്നാണ് രേഖകളില്‍ കാണുന്നത്.

ബി നിലവറയുടെ പ്രധാന വാതില്‍ തുറക്കുന്നതിനൊപ്പം ശംഖുമുഖം കടപ്പുറത്തെ മറ്റൊരു വാതിലും തുറക്കപ്പെടുമെന്നാണ് രേഖകളില്‍ കാണുന്നത്. ഈ വാതിലിലൂടെ കടല്‍ വെള്ളം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിലേയ്ക്കു കടന്നു വരും. ഇതു മാത്രമല്ല തിരുവനന്തപുരം നഗരത്തിലെ കനാലുകളെയും കുളങ്ങളെയും പരസ്പരം ബന്ധിക്കുന്ന വാതിലുകള്‍ കൂടിയുണ്ട്. ബി നിലവറയുടെ പ്രധാന വാതില്‍ തുറന്നാല്‍ ഉടന്‍ തന്നെ ഈ കനാലുകളുടെയും കുളങ്ങളുടെയും വാതിലുകളും ക്രമേണ തുറക്കപ്പെടും.

കടല്‍ വെള്ളം കുതിച്ചെത്തി ഈ കുളങ്ങളും കനാലുകളും നിറയും. ഇതോടെ തിരുവനന്തപുരം നഗരം തന്നെ വെള്ളത്തില്‍ മുങ്ങുമെന്നാണ് രേഖകളില്‍ നിന്നു വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെയാണ് ബി നിലവറ തുറക്കുന്ന കാര്യം സുപ്രീം കോടതി ക്ഷേത്ര ഭരണസമിതിയ്ക്ക്‌ വിട്ടു നല്‍കിയതെന്നു കരുതുന്നു. രാജഭരണ കാലത്ത് സ്വര്‍ണവും നിധിയും സൂക്ഷിച്ചിരുന്നത് ഈ ബി നിലവറയിലായിരുന്നു.

ഈ നിലവറയുടെ വാതില്‍ നേരിട്ടു തുറന്നാല്‍ അപകടമുണ്ടാകുന്ന തരത്തിലാണ് നിര്‍മ്മിച്ചിരുന്നത്. മറ്റു നിലവറകളില്‍ നിന്നു ബി നിലവറയില്‍ സ്വര്‍ണം നിക്ഷേപിക്കുന്നതിനു പ്രത്യേക അറകളുണ്ടായിരുന്നു.

രാജകൊട്ടാരത്തില്‍ നിന്നു ബി നിലവറയ്ക്കുള്ളില്‍ പ്രവേശിക്കുന്നതിനു പ്രത്യേക വഴിയുണ്ടായിരുന്നതായും ചരിത്ര രേഖകളിലുണ്ട്. തിരുവതാകൂറിനു നേരെ ഏതെങ്കിലും രീതിയിലുള്ള ആക്രമണമുണ്ടായാല്‍ സ്വത്ത് വഹകള്‍ സംരക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലാണ് നിലവറകളെല്ലാം തയ്യാറാക്കിയിരിക്കുന്നത്.

നിലവറയുടെ താക്കോല്‍ രഹസ്യം അറിയാത്ത സൈന്യം തിരുവതാംകൂറിനെ ആക്രമിച്ചു സ്വര്‍ണം കവരാന്‍ ശ്രമിച്ചാല്‍ സൈന്യം അടക്കം കടലില്‍ ചെല്ലുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. അതുകൊണ്ടു തന്നെ ബി നിലവറ തുറന്നാല്‍ കേരളത്തിനു തന്നെ നാശമുണ്ടാകുമെന്നാണ് തിരുവതാംകൂര്‍ രാജകുടുംബം പറയുന്നത്.

അതുകൊണ്ടാണ് നിലവറ തുറക്കുന്നതിനെതിരെ രാജകുടുംബം തടസം നില്‍ക്കുന്നതും. എന്നാല്‍ ക്ഷേത്രത്തില്‍ നിന്ന് കടലിനടിയിലേക്ക് രഹസ്യ തുരങ്കമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഭൗമശാസ്ത്രജ്ഞര്‍ പഠനം നടത്തിയെങ്കിലും ഇങ്ങനെയൊരു തുരങ്കം ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ കൃത്യമായൊരു നിഗമനത്തിലെത്താന്‍ അവര്‍ക്കായിരുന്നില്ല. എന്തായാലും സുപ്രീംകോടതി വിധിയോടെ വരുംനാളുകളില്‍ ഇത് വീണ്ടും ചര്‍ച്ചയാകുമെന്നുറപ്പാണ്.

Related posts

Leave a Comment