കൊല്ലം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെന്ന വ്യാജേന പരിശോധന നടത്തി ലക്ഷങ്ങൾ കവർന്ന കേസിൽ കർണാടക പോലീസ് അന്വേഷിക്കുന്ന കൊല്ലം സ്വദേശി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വാഹനമോഷണക്കേസിൽ കഴിഞ്ഞ ദിവസം കൊല്ലത്ത് പിടിയിലായ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം കൊല്ലത്തെ കൺട്രോൾ റൂം പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാളെ കൊല്ലം ഈസ്റ്റ് പോലീസിന് കൈമാറി. മോഷ്ടിച്ച കാർ കൊല്ലം റെയിൽവേ സ്റ്റേഷനുസമീപം നോ പാർക്കിംഗ് മേഖലയിൽ നിർത്തിയശേഷം ഇയാൾ മറ്റൊരു കാറിൽ കയറി പോയി. കൺട്രോൾ റൂം പോലീസ് വാഹന നമ്പർപ്രകാരം ഉടമയെ കണ്ടെത്തി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തന്റെ വാഹനം മോഷണംപോയതായി വടക്കാഞ്ചേരി സ്വദേശി അറിയിച്ചത്. ഇതുസംബന്ധിച്ച് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാത്രി വാഹനമെടുക്കാനെത്തിയ രാജീവിനെ കൺട്രോൾ റൂം പോലീസ് പിടികൂടി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട പ്രതിയെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുന്ന പ്രതിയെ വടക്കാഞ്ചേരി പോലീസിന് കൈമാറാനിരിക്കെയാണ് ഇന്നലെ അർധരാത്രിയോടെ രക്ഷപ്പെട്ടത്. ഇക്കാര്യം കൊല്ലത്ത് പോലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ കർണാടക പോലീസ് കേരളത്തിലേക്കു തിരിച്ചിട്ടുണ്ട്. അപ്പോഴാണ് കേരളാ പോലീസിനെ വെട്ടിച്ച് പ്രതി കടന്നുകളഞ്ഞത്.
ഇഡി ചമഞ്ഞ് തട്ടിപ്പ്
കഴിഞ്ഞ ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഇഡി ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് രണ്ട് കാറുകളിലെത്തിയ ആറംഗസംഘം, കർണാടക സ്പീക്കറുടെ ബന്ധുവായ തീപ്പെട്ടിവ്യവസായി എം. സുലൈമാന്റെ വീട്ടിലെത്തി. അറസ്റ്റ് വാറന്റുണ്ടെന്നു പറഞ്ഞ് ബലംപ്രയോഗിച്ച് വീട്ടിൽ കടന്ന് പരിശോധന നടത്തി.
സുലൈമാന്റെ മകൻ മുഹമ്മദ് ഇഖ്ബാൽ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽനിന്ന് പണവും അഞ്ച് മൊബൈൽ ഫോണും ഇവർ കൊണ്ടുപോയി.രേഖകളില്ലാത്ത പണമാണെന്നും ബംഗളൂരുവിലെ ഇഡി ഓഫീസിലെത്തി രേഖകൾ ഹാജരാക്കാനുമായിരുന്നു നിർദേശം.തട്ടിപ്പ് മനസിലായ മുഹമ്മദ് ഇഖ്ബാൽ പോലീസിൽ പരാതി നൽകി. കാറിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കർണാടക പോലീസ് കൊല്ലത്തേക്ക് തിരിക്കുന്നത്.
ഫെബ്രുവരി മൂന്നിന് കൊല്ലം സ്വദേശികളായ മൂന്നുപേരെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതോടെയാണ് രാജീവ് ഫെർണാണ്ടസിന്റെ പങ്ക് വ്യക്തമായത്. അന്നുമുതൽ ഇയാൾ ഒളിവിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.അടുത്തിടെ കൊല്ലത്ത് എത്തിയ രാജീവ് കവർച്ച ആസൂത്രണം ചെയ്തവരുമായി സംഗമിച്ചിരുന്നതായി സ്പെഷൽ ബ്രാഞ്ച് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭരണകക്ഷിയിലെ പ്രമുഖ യുവജന സംഘടനാ നേതാവിനും സംഘവുമായി ബന്ധമുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

