എരുമേലി: മോഷ്ടിച്ച സ്വർണം വിറ്റ് ആഡംബര ജീവിതം. സംശയം തോന്നിയവർ നൽകിയ വിവരങ്ങളിലൂടെ അന്വേഷണം തുടങ്ങിയ പോലീസ് പ്രതികളെ പിടികൂടി വിറ്റ സ്വർണം കണ്ടെടുത്തു. തമിഴ്നാട് തൂത്തുക്കുടി പോലീസ് ആണ് എരുമേലി പോലീസിന്റെ സഹായത്തോടെ മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്.
എരുമേലി ചെറുവള്ളി എസ്റ്റേറ്റ് അഞ്ചാം ഡിവിഷനിൽ താമസിക്കുന്ന അജിത് കുമാർ (29), സുഹൃത്തും തമിഴ്നാട് തൂത്തുക്കുടി സ്വദേശിയുമായ ഭരത് (22) എന്നിവരാണ് അറസ്റ്റിലായത്. തൂത്തുക്കുടി സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞയിടെ ബൈക്കിൽ വന്ന് സ്ത്രീകളുടെ കഴുത്തിൽനിന്നു സ്വർണമാല പറിച്ചു കടന്നുകളയുന്ന സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് മുനിയസ്വാമി കോവിൽ സ്ട്രീറ്റ് ഭാഗത്ത് ഭരത് എന്ന യുവാവിന്റെ ആഡംബര ജീവിതം സംബന്ധിച്ച് നാട്ടുകാരിൽ ചിലർ നിർണായക സൂചനകൾ നൽകിയതെന്ന് തൂത്തുക്കുടി പോലീസ് പറഞ്ഞു.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് അന്വേഷണം കേരളത്തിൽ കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റിൽ അജിത് കുമാറിലേക്ക് എത്തിയത്. തമിഴ്നാട് സ്വദേശിയും എസ്റ്റേറ്റിൽ താമസക്കാരനുമായ അജിത് കുമാർ അടുത്ത സുഹൃത്തും ബന്ധുവുമാണെന്നും പിടിച്ചുപറിച്ചെടുത്ത സ്വർണമാലകൾ അജിത് കുമാർ മുഖേന എരുമേലി ടൗണിലുള്ള സ്വകാര്യ സ്ഥാപനത്തിൽ വിറ്റെന്നുമായിരുന്നു മൊഴി.
17 ലക്ഷം രൂപയാണ് സ്വർണം വിറ്റ് ഇവർ നേടിയത്. ഈ തുക പങ്കിട്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഭരതുമായി എത്തി എസ്റ്റേറ്റിൽനിന്ന് അജിത് കുമാറിനെ എരുമേലി പോലീസിന്റെ സഹായത്തോടെ പിടികൂടിയ തൂത്തുക്കുടി പോലീസ് എരുമേലി ടൗണിലെ സ്വർണപ്പണയ സ്ഥാപനത്തിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി സ്വർണം കണ്ടെടുത്ത ശേഷം പ്രതികളുമായി തമിഴ്നാട്ടിലേക്ക് പോയി. 160 ഗ്രാം സ്വർണമാണ് കണ്ടെടുത്തതെന്ന് എരുമേലി പോലീസ് പറഞ്ഞു.

