ഭക്തരെ ഓടിച്ചിട്ട് തല്ലുന്ന തെയ്യം ! തെയ്യത്തിന്റെ അടികൊണ്ട് ആരും ആശുപത്രിയില്‍ പോയിട്ടില്ല; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…

കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒന്നാണ് ഭക്തരെ തെയ്യം ഓടിച്ചിട്ട് അടിക്കുന്ന വീഡിയോ. അടിയേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി എന്ന അടിക്കുറിപ്പും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. ഭക്തര്‍ക്ക് നടുവില്‍ നില്‍ക്കുന്ന തെയ്യം പലരെയും ഓടിച്ചിട്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു പുറത്തെത്തിയത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി. എന്നാല്‍ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് തെയ്യം കെട്ടിയ വിനീത് പണിക്കര്‍.

ഈ വീഡിയോ ഇങ്ങനെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ കുറേ യുക്തിവാദികളാണെന്ന് അദ്ദേഹം ആരോപിക്കുന്നു. തെയ്യം കെട്ടുന്നത് അവസാനിപ്പിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും വിനീത് പറയുന്നു. പക്ഷെ എത്രയൊക്കെ വൈറലാക്കിയാലും ഈ രീതിയില്‍ തന്നെ തെയ്യം ഇനിയും പെരുമാറുമെന്ന് വിനീത് വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്…

‘കാഞ്ഞങ്ങാട് തെരുവോത്തു മൂവാളം കുഴിയിലാണ് ഞാന്‍ തെയ്യം കെട്ടിയാടിയത്. ചാമുണ്ഡിതെയ്യമായിരുന്നു. ചാമുണ്ഡിയെന്ന് പറഞ്ഞാല്‍ ഉഗ്രരൂപിണിയാണ്. രണ്ട് തന്ത്രിമാര്‍ തമ്മിലുള്ള വൈരാഗ്യത്തിന്റെ ഫലമായിട്ടാണ് ചാമുണ്ഡി ശക്തി രൂപം കൊണ്ടത്. രൗദ്രരൂപത്തിലുള്ള രൂപമായിട്ടാണ് ഈ തെയ്യത്തെ കണക്കാക്കുന്നത്. എല്ലാവര്‍ഷവും ചാമുണ്ഡി തെയ്യം ഇങ്ങനെ തന്നെയാണുള്ളത്. ഞാന്‍ തെയ്യം കെട്ടാന്‍ തുടങ്ങിയിട്ട് അഞ്ചാറ് വര്‍ഷമാകുന്നതേയുള്ളൂ. എന്റെ അച്ഛനായിരുന്നു ഇതിന് മുന്‍പ്. അദ്ദേഹം 55 പ്രാവശ്യം കെട്ടിയിട്ടുണ്ട്”. വിനീത് പറയുന്നു.

തെയ്യത്തിന്റെ കൈയ്യില്‍ നിന്ന് തല്ലുകൊള്ളുന്നത് ആളുകള്‍ക്ക് ഹരമാണെന്നും ആരും പരാതി പറയാറില്ലെന്നും വിനീത് പറയുന്നു. തെയ്യത്തിന്റെ തല്ല് എന്നാല്‍ അനുഗ്രഹത്തിനു തുല്യമാണ്. ചില യുക്തിവാദികളാണ് ദുഷ്പ്രചരണത്തിനു പിന്നിലുള്ളതെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും പേടിച്ച് പിന്മാറാന്‍ താനില്ലെന്നും ഇതുപോലെ തന്നെ തെയ്യം പെരുമാറുമെന്നും വിനീത് വ്യക്തമാക്കുന്നു.

Related posts