തിരുവല്ല: കാര്‍ നിയന്ത്രണംവിട്ടു കുളത്തിലേക്കുമറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കുപരിക്കേറ്റു. തിരുവല്ല കാരയ്ക്കല്‍ ശ്രീവിലാസത്തില്‍ അനില്‍കുമാറിന്റെ മകന് എ. എസ്. ജയകൃഷ്ണനാണ് (21) മരിച്ചത്. സഹയാത്രികനായിരുന്ന മുത്തൂര്‍ ചാലക്കുഴി ഇലഞ്ഞിമൂട്ടില്‍ രഞ്ചിയുടെ മകന് ഐബി പി. രഞ്ചിയെ (20) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്തൂര്‍ പന്നിക്കുഴി സ്വദേശി അനന്തുവിനും പരിക്കേറ്റു. കാവുംഭാഗം മുത്തൂര്‍ റോഡില്‍ മന്നങ്കരചിറ പാലത്തിനടുത്ത് ഇന്നലെ രാത്രി 11 ഓടെയാണ് അപകടം.
കാവുംഭാഗത്തുനിന്ന് മൂത്തൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ പാലത്തിലൂടെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് അപ്രോച്ച് റോഡിന് സമീപം നിന്നിരുന്ന മരത്തിലും വൈദ്യുത പോസ്റ്റിലും ഇടിച്ച് സമീപത്തുള്ള കുളത്തിലേക്കു വീഴുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് വൈദ്യുതബന്ധവും നിലച്ചു.
ഇരുട്ടില്‍ ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കയര്‍ കെട്ടി വലിച്ച് കാര്‍ കരയ്ക്കടുപ്പിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ജയകൃഷണന്റെ മൃതദേഹം തിരുവല്ല താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. അമ്മ സുഭദ്ര. സഹോദരി ജയശ്രീ.