കൊച്ചി: കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ പ്രതിയായ പറവൂര്‍ ആലങ്ങാട് പാനായിക്കുളം തോപ്പില്‍പറമ്പില്‍ റമീസിന്റെ (24) മാതാപിതാക്കളെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഇവരെയും കേസില്‍ പ്രതി ചേര്‍ത്തേക്കുമെന്നാണ് സൂചന. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയേക്കും. പെണ്‍കുട്ടി ഇവരുടെ വീട്ടില്‍ മര്‍ദനം ഏറ്റതും കുട്ടിയെ മതംമാറാന്‍ നിര്ബന്ധിപ്പിച്ചുവെന്നതടക്കമുള്ള കാര്യങ്ങളില്‍ ഇവരില്‍ നിന്ന് പോലീസ് വ്യക്തത തേടും.
ആണ്‍സുഹൃത്തായ റമീസിന്റെ അവഗണനയില്‍ മനംനൊന്ത് ടിടിസി വിദ്യാര്‍ഥി കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിനു പിന്നാലെ റമീസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ റമീസ് എല്ലാം സമ്മതിച്ചു. ഇരുവരും തമ്മില്‍ നടന്ന വാട്സ്അപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ നിരത്തിയായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യല്‍.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കോതമംഗലം പോലീസ് ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം ഏല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള ആരോപണം ഉയരുമ്പോഴും അതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തുന്നതിലേക്ക് ഇതുവരെ പോലീസ് എത്തിയിട്ടില്ല. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ അതും പരിഗണനയിലുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.
നേരിട്ടത് കടുത്ത അവഗണന
ആലുവ യുസി കോളേജില്‍ വച്ചാണ് റമീസും വിദ്യാര്‍ഥിനിയും തമ്മിലുള്ള പ്രണയബന്ധം തുടങ്ങുന്നത്. വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തത് മുതല്‍ മതം മാറണമെന്ന് റമീസും കുടുംബവും നിര്‍ബന്ധിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അതില്‍ എതിര്‍പ്പില്ലായിരുന്നു.
അതേസമയം, റമീസില്‍ നിന്ന് നേരിട്ട കടുത്ത അവഗണനയാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് റമീസിന്റെ കുടുംബത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചിരുന്നുവെങ്കിലും അവര്‍ അത് സമ്മതിച്ചില്ല. പൊന്നാനിയില്‍ പോയി ഉടന്‍ മതം മാറണമെന്നും റമീസിന്റെ വീട്ടില്‍ തന്നെ താമസിക്കണമെന്നുമായിരുന്നു നിര്‍ബന്ധം.
പെണ്‍കുട്ടിയ്ക്ക് റമീസിനോട് കടുത്ത പ്രണയമായിരുന്നുവെന്നും പോലീസ് പറഞ്ഞു. റമീസിന്റെ ഫോണ്‍ വിവരങ്ങള്‍ പെണ്‍കുട്ടിയ്ക്ക് അറിയാമായിരുന്നു. ഇരു അക്കൗണ്ടുകളും തമ്മില്‍ ബന്ധിപ്പിച്ചിരുന്നു. റമീസ് ഇന്റര്‍നെറ്റ് വഴി അന്യസ്ത്രീകളുമായി സെക്സ് ചാറ്റ് നടത്തിയതിന്റെ വിവരങ്ങളും പെണ്‍കുട്ടിക്ക് കിട്ടിയിരുന്നു.
രണ്ടാഴ്ച മുമ്പ് അസാന്മാര്ഗിക മാര്‍ഗത്തില്‍ ഏര്‍പ്പെട്ട ഇയാള്‍ ആലുവയിലെ ലോഡ്ജില്‍ വച്ച് പിടിയിലായത് അറിഞ്ഞ പെണ്‍കുട്ടി ഈ വിവരങ്ങള്‍ യുവാവിന്റെ രക്ഷിതാക്കളെ അറിയിക്കാന്‍ എത്തിയതായാണ് പറയുന്നത്. ഇതും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായെന്നും പോലീസ് വ്യക്തമാക്കി. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒരുമിച്ച് ജീവിക്കാന്‍ തന്നെ പെണ്‍കുട്ടി സമ്മതം അറിയിച്ചു. എന്നാല്‍ ഇനി മതം മാറാന്‍ തയാറല്ലെന്നും രജിസ്റ്റര്‍ വിവാഹം കഴിക്കാമെന്നും നിലപാടെടുത്തു.
മതം മാറാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ റമീസ് അവഗണിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ വിളിച്ചിട്ടും റമീസ് ഫോണ്‍ എടുത്തില്ല. ഫോണിലൂടെ താന്‍ മരിക്കാന്‍ പോവുകയാണെന്ന് റമീസിന് പെണ്‍കുട്ടി വെള്ളിയാഴ്ചയാണ് മെസേജ് അയച്ചത്. പോയി മരിച്ചോളാന്‍ റമീസ് പറഞ്ഞു. രജിസ്റ്റര്‍ വിവാഹം കഴിച്ച് വാടക വീട്ടിലേക്ക് താമസം മാറ്റാമെന്ന് പറഞ്ഞെങ്കിലും റമീസ് അവഗണിച്ചു. ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം തന്നെ നില്‍ക്കണമെന്ന് നിര്‍ബന്ധം പിടിച്ചു.
നൊമ്പരപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ്
‘ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാന്‍ സാധിക്കില്ല. ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു. എന്നാല്‍ അവന് വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. രജിസ്റ്റര്‍ മാര്യേജ് നടത്താമെന്ന വ്യാജേന വീട്ടിലെത്തിച്ച് കുടുംബക്കാരെക്കൊണ്ട് മതം മാറിയാല്‍ കല്യാണം നടത്താമെന്ന് പറയിപ്പിച്ചു.
റമീസിന്റെ തെറ്റുകള്‍ ഉപ്പയും ഉമ്മയും അറിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. മതം മാറാന്‍ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടര്‍ന്നു. മതം മാറിയാല്‍ മാത്രം പോര തന്റെ വീട്ടില്‍ നില്‍ക്കണമെന്നും കര്‍ശനമായി പറഞ്ഞു’ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ആത്മഹത്യ കുറിപ്പ് പെണ്‍കുട്ടി തന്നെയാണ് റമീസിന്റെ ഉമ്മക്ക് അയച്ചു കൊടുത്തത്.
പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും
സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് അന്വേഷണസംഘത്തിന് ലഭിക്കും. പെണ്‍കുട്ടിക്ക് റമീസില്‍ നിന്ന് മര്‍ദ്ദനം ഏറ്റുവെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് അടി ഏറ്റതായും ചുണ്ടുകള്‍ക്ക് പരിക്കുള്ളതായും കുടുംബം വ്യക്തമാക്കിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ ഇതിനെല്ലാം വ്യക്തതയുണ്ടാകും.
കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും
സംഭവത്തില്‍ ഇന്നലെ പെണ്‍കുട്ടിയുടെ അമ്മയുടെയും സഹോദരന്റേയും മൊഴി കോതമംഗലം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് മറ്റ് ബന്ധുക്കള്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. റമീസിനായി ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പോലീസിന്റെ തീരുമാനം. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. റമീസിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
- സ്വന്തം ലേഖിക