പണ്ടൊക്കെ താമസിച്ച് ക്ലാസിലെത്തിയാൽ അധ്യാപകർ മിക്കപ്പോഴും കുട്ടികളെ വെളിയിൽ ഇറക്കി നിർക്കാറുള്ളത് പതിവായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ ഇപ്പറഞ്ഞ വെളിയിൽ ഇറക്കി നിർത്തിൽ കലാപരിപാടികളൊന്നും നടക്കില്ല. എന്തിനേറെ ഉറച്ചൊന്ന് മിണ്ടാൻ പോലും ഇപ്പോൾ സാധിക്കില്ല. വടിയെടുത്താൽ അപ്പോൾ തന്നെ ആ ടിച്ചറുടെ സസ്പെൻഷൻ ഓർഡർ അപ്പുറത്ത് അടിക്കുന്നുണ്ടാകും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു കാലം നമുക്കൊക്കെ പണ്ട് ഉണ്ടായിരുന്നു.
ഉച്ച ആയാൽ വടി ഒളിപ്പിച്ച് വച്ച് കുട്ടികൾക്ക് നേരേ ചെന്ന് തല്ലുന്നൊരു വീരൻ മാഷ് എല്ലാ സ്കൂളിലും ഉണ്ടാകും. അഞ്ച് മിനിറ്റൊന്നു വൈകിയാൽ ഉച്ച വരെ ക്ലാസിനു പുറത്തായിരിക്കും സ്ഥാനം. ഇന്നത്തെ പോലെ അന്ന് സ്കൂൾ ബസും കോളജ് ബസുമൊക്കെ നന്നേ കുറവാണ്. മിക്കവരും നടന്നായിരിക്കും സ്കൂളിലും കോളജിലുമൊക്കെ എത്താറുള്ളത്. അതൊന്നും അധ്യാപകരോട് പറഞ്ഞാൽ വില പോകില്ലായിരുന്നു.
ഇപ്പോഴിതാ 26 വർഷം മുൻപ് കോളജിൽ താമസിച്ച് വന്നതിന് ടീച്ചർ പുറത്തിറക്ക് നിർത്തിയ വിരുതൻ ചെയ്തൊരു തമാശയാണ് വൈറലാകുന്നത്. തൊടുപുഴ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗിൽ 90കളിൽ ആണ് സംഭവം.
വൈകിയെത്തിയതിന് ടീച്ചർ ഒരു കുട്ടിയെ പുറത്തിറക്കി നിർത്തി. പോരാത്തതിന് പ്രിൻസിപ്പലിനോട് താമസിച്ച് എത്തിയതിന്റെ കാരണവും ബോധിപ്പിക്കണമെന്ന് ടീച്ചർ ആവശ്യപ്പെട്ടു. അങ്ങനെ അവൻ കോളജ് പ്രിൻസിപ്പൽ പി. വി. ആന്റണിയുടെ മുറിയിലെത്ത് കാര്യ കാരണങ്ങൾ ധരിപ്പിച്ചു. പ്രിൻസിപ്പലും കണക്കിനു ശാസിച്ചു. വഴക്ക് കേട്ട് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നും പുറത്തിറങ്ങിയ അവൻ ഈ അമർഷം തീർക്കാൻ കോളജിലെ മണി അടിച്ചു മാറ്റി.
മണിയുമായി അവൻ നേരെ പോയത് സുഹൃത്ത് താമസിക്കുന്ന ഹോസ്റ്റലിലേക്കാണ്. അവിടെയെത്ത് അവൻ ഈമണി സുഹൃത്തിന്റെ കട്ടിലിന് അടിയിൽ ഒളിപ്പിച്ചു. മണി കട്ടവനെ കണ്ടു പിടിക്കാൻ അന്ന് സിസിടിവി ഇല്ലാത്തതിനാൽ നൈസ് ആയി അവന് കള്ളനെന്ന പേര് വീഴാതെ രക്ഷപെട്ടു.
എന്നാൽ കോളജ് പഠനം കഴിഞ്ഞ് കൂട്ടുകാരൻ ഹോസ്റ്റൽ വെക്കേറ്റ് ചെയ്യാൻ നേരമാണ് മണി ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്നെങ്ങാനും ഇത് തിരിച്ച് കൊടുത്താൽ ഇവനും കള്ളനെന്ന ലിസ്റ്റിൽ വരുമെന്ന് പേടിച്ച് അത് സുരക്ഷിതമായി വീട്ടിൽ കൊണ്ടുപോയി.
എന്നാലിപ്പോൾ 26 വർഷത്തിനു ശേഷം തങ്ങളുടെ ബാച്ച്കാർ നടത്തിയ ഗെറ്റ് ടുഗതറിൽ കോളജിൽ വീണ്ടുമെത്തിയപ്പോൾ അവൻ ഒറ്റയ്ക്ക് അല്ല വന്നത്. കൂടെ അന്ന് തന്റെ കൂട്ടുകാരൻ അഴിച്ചെടുത്ത കോളജിലെ മണിയുമായാണ് ആശാൻ എത്തിയത്.
ഇന്ന് ഇതൊക്കെ വളരെയേറെ തമാശയോടെയാണ് ഓർത്ത് ചിരിക്കുന്നത്. വേദിയിൽ വച്ച് 26 വർഷം മുൻപ് അഴിച്ചെടുത്ത കോളജിലെ മണി അവരുടെ ബാച്ചിലെ പ്രിൻസിപ്പലായിരുന്ന പി. വി. ആന്റണിയുടെ സാക്ഷ്യത്തിൽ കോളജിലെ അധ്യാപികയ്ക്ക് തന്നെ തിരിച്ചു കൊടുത്തു.