കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. 12 ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചെന്ന തോമസ് ഐസക്കിന്റെ ഹര്‍ജിയിലായിരുന്നു ഈ നടപടി.
ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാദം. ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ഹാജരാക്കണമെന്നും സമന്‍സില്‍ അവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് തോമസ് ഐസക്കിന് സമന്‍സ് അയക്കുന്നത് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം കേസില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിന് വീണ്ടും പുതിയ സമന്‍സ് അയക്കാന്‍ ഹൈക്കോടതി അനുവാദം നല്‍കിയതോടെയാണ് ഇഡിയുടെ നടപടി.