തിരുവനന്തപുരം: തൃശൂര്‍പൂരം കലക്കല്‍ വിവാദത്തില്‍ എഡിജിപി എം.ആര്. അജിത് കുമാറിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ഇനി കാണേണ്ടത്. പൂരം കലക്കല്‍ വിവാദത്തില്‍ എഡിജിപി. എം.ആര്. അജിത്ത് കുമാറിനെതിരേ മുന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദര്‍ബേഷ് സാഹിബ് നടത്തിയ അന്വേഷണത്തിലും അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി. അജിത്ത് കുമാറിനു വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
ഷേഖ് ദര്‍ബേഷ് സാഹിബ് സര്‍വീസില്‍ നിന്നു വിരമിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പാണ് അജിത്ത് കുമാറിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കിയത്.ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ വസ്തുതകള്‍ ശരിവയ്ക്കുന്നതാണ് ആഭ്യന്തര സെക്രട്ടറിയുടെ കണ്ടെത്തലും. തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള റവന്യു മന്ത്രി കെ. രാജന് പൂരം അലങ്കോലമാകുന്ന സ്ഥിതിയാണെന്നു ബോധ്യപ്പെടുത്താന്‍ അജിത് കുമാറിനെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ലെന്നു മൊഴി നല്‍കിയിരുന്നു.
മന്ത്രി കെ. രാജന്റെ മൊഴി അജിത് കുമാറിനെതിരേയായിരുന്നു. പൂരം അലങ്കോലമായിട്ടും സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഉന്നത ഉദ്യോഗഗസ്ഥനായ അജിത് കുമാര്‍ ഇടപെട്ടില്ലെന്നാണു മന്ത്രി രാജന്റെ മൊഴി.മന്ത്രിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ ഡിജിപി ഷേഖ് ദര്‍ബേഷ് സാഹിബ് അജിത്ത് കുമാറില്‍ നിന്നു വിശദീകരണം തേടി മൊഴി രേഖപ്പെടുത്തിയിരുന്നു. താന്‍ ഉറങ്ങിപ്പോയതു കൊണ്ടാണു മന്ത്രിയുടെ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്യാതിരുന്നതെന്നാണു നേരത്തെ അജിത്ത് കുമാര്‍ ഡിജിപിക്കു മൊഴിനല്‍കിയത്. എന്നാല്‍ ഈ മൊഴി ഡിജിപി തള്ളിയിരുന്നു.
ഡ്യൂട്ടിയുടെ ഭാഗമായാണ് അജിത്ത് കുമാര്‍ തൃശൂരിലേക്കു പോയത്. അവിടെ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഇടപെടേണ്ടിയിരുന്ന ഉന്നത ഉദ്യോഗസ്ഥനായിരുന്നു അജിത്ത് കുമാറെന്നാണു ഡിജിപി കണ്ടെത്തിയത്. ഇതിനെ ശരിവയ്ക്കുന്നതാണ് ആഭ്യന്തര സെക്രട്ടറിയുടെ കണ്ടെത്തലും. അജിത്ത് കുമാര്‍ നിലവില്‍ ബറ്റാലിയന്റെ ചുമതലയുള്ള എഡിജിപിയാണ്. ഇദ്ദേഹത്തിനെതിരേ കടുത്ത നടപടി ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ തീരുമാനമാണു നിര്‍ണായകമാകുന്നത്.
അതേസമയം മലപ്പുറത്തെ സ്വര്‍ണക്കടത്ത് വിവാദത്തില്‍ എഡിജിപി. പി. വിജയനു പങ്കുണ്ടെന്ന് അജിത്ത് കുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ മൊഴി കളവാണെന്നും അജിത്ത് കുമാറിനെതിരേ നിയമനടപടികള്‍ക്കു പോകാന്‍ അനുമതി നല്കണമെന്നുകാട്ടി പി. വിജയന് മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ കത്തിന്മേല് ഒരു മറുപടിയും സര്‍ക്കാര്‍ അദ്ദേഹത്തിനു നല്‍കിയിട്ടില്ല.
സ്വപ്നാസുരേഷ് പ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയതിനു സ്വപ്ന സുരേഷിനെ അനുനയിപ്പിക്കാന്‍ ഇടനിലക്കാരനെ പറഞ്ഞുവിട്ടത് അന്ന് വിജിലന്‍സ് ഡയറക്ടറായ അജിത്കുമാറാണെന്ന വിവരം പുറത്തുവന്നിരുന്നു. കൂടാതെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം, ആഡംബര വീട് നിര്‍മാണം, ശബരിമലയിലേക്കു ചട്ടം ലംഘിച്ച് ട്രാക്ടറിൽ യാത്ര ചെയ്തത് ഉള്‍പ്പെടെ നിരവധി പരാതികളില്‍ ആരോപണ വിധേയനായി അന്വേഷണം നേരിടുകയാണ് അജിത്ത് കുമാര്‍.