തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ റവന്യു മന്ത്രി കെ. രാജന് എഡിജിപി. എം.ആര്. അജിത്ത് കുമാറിനെതിരെ വീണ്ടും ക്രൈംബ്രാഞ്ചിന് മൊഴി നല്കി. പൂരം കലക്കലിന് പിന്നില്‍ ഗുഢാലോചനയുണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. പൂരം നടക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ എഡിജിപിയോട് പറഞ്ഞിരുന്നു.
എഡിജിപി സ്ഥലത്തുണ്ടാകണമെന്നും നിര്‍ദേശിച്ചിരുന്നു. താന്‍ സ്ഥലത്തുണ്ടാകുമെന്ന് എഡിജിപി അജിത്ത് കുമാര്‍ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ പൂരത്തിനിടെ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും അറ്റന്‍ഡ് ചെയ്യുകയൊ തിരികെ വിളിയ്ക്കുകയൊ ചെയ്തില്ലെന്നാണ് മന്ത്രി മൊഴി നല്‍കിയത്.
പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണമാണ് നടക്കുന്നത്. നേരത്തെയും മന്ത്രി എഡിജിപിയുടെ നടപടിയ്ക്കെതിരെ മൊഴി നല്‍കിയിരുന്നു. ഇന്നലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ അന്വേഷണ സംഘത്തിനാണ് എഡിജിപിയ്ക്കെതിരെ വീണ്ടും മൊഴി നല്‍കിയത്. സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയില്‍ നിന്നും മൊഴിയെടുത്തത്.
നേരത്തെ ഡിജിപിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലും മന്ത്രി സമാന നിലപാടാണ് സ്വീകരിച്ചത്. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ എഡിജിപി അജിത്ത് കുമാറിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചെന്നും നടപടി വേണമെന്നും കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡോ. ഷേഖ് ദര്‍ബേഷ് സാഹിബ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയത്. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിക്ക് നല്‍കിയത്.
എഡിജിപി. അജിത്ത് കുമാറിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാരിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥനാണ് അജിത്ത് കുമാര്‍ അതിനാല്‍ അജിത്ത് കുമാറിനെതിരെ കടുത്ത നടപടികള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിരവധി ആരോപണങ്ങള്‍ അജിത്ത് കുമാറിനെതിരെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയാക്കാനായി യുപിഎസ് സിക്ക് നല്കിയ പട്ടികയില്‍ അജിത്ത് കുമാറിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ യുപിഎസ് സി അജിത്ത് കുമാറിന്റെ പേര് ഉള്‍പ്പെടുത്താനാകില്ലെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു.
ഡിജിപി റാങ്കുള്ളതും 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥനെ മാത്രമെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളുവെന്ന് യുപിഎസ് സി നിലപാട് കടുപ്പിച്ചതോടെ അജിത്ത് കുമാര്‍ പട്ടികയില്‍ നിന്നും പിന്തള്ളപ്പെടുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനം, ആഡംബര ഭവന നിര്‍മ്മാണം ഉള്‍പ്പെടെ നിരവധി ആരോപണങ്ങളില്‍ നിയമപോരാട്ടം നടക്കുകയാണ്.
ഒരു അഭിഭാഷകന് നല്കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. അജിത്ത് കുമാറിനെതിരെ നടത്തിയ അന്വേഷണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.